മധ്യകേരളത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing മധ്യകേരളത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

കൊച്ചി: കെ.എസ്.ആര്‍.ടി.സി കോട്ടയം വഴി എറണാകുളത്തേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു. പ്രളയക്കെടുതിയെത്തുടര്‍ന്ന് ഈ വഴിയുള്ള സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയില്‍ സര്‍വീസ് നടത്തുന്നതിനായി 20 സെറ്റ് ഉദ്യോഗസ്ഥസംഘത്തെ അയച്ചു. ഞായറാഴ്ച രാവിലെയാണു കോട്ടയം വഴിയുള്ള സര്‍വീസുകള്‍ ആരംഭിച്ചത്. കഴിയുന്നത്രയും സര്‍വീസുകള്‍ ഈ റൂട്ടില്‍ നടത്തുകയാണു ലക്ഷ്യമെന്ന് ഓപ്പറേഷന്‍സ് മാനേജര്‍ ജി അനില്‍ കുമാര്‍ പറഞ്ഞു. പത്തനംതിട്ടയിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ അടൂരുവരെ മാത്രമാണ്. പ്രളയത്തില്‍ റോഡ് തകര്‍ന്നതിനാല്‍ യാത്ര അസാധ്യമായതിനാലാണിത്. ഗതാഗതം പൂര്‍വ സ്ഥിതിയിലാകുന്നതുവരെ പന്തളത്തുനിന്നുള്ള സര്‍വീസുകള്‍ അടൂരില്‍ നിന്നാകും ആരംഭിക്കുക. മല്ലപ്പള്ളിയില്‍നിന്നുള്ള സര്‍വീസുകള്‍ തിരുവല്ലയില്‍നിന്നും റാന്നിയില്‍നിന്നുള്ളവ പത്തനംതിട്ട ഡിപ്പോയില്‍നിന്നും തുടങ്ങും.
കൊല്ലത്തുനിന്ന് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും അടങ്ങുന്ന 20 സെറ്റ് ഉദ്യോഗസ്ഥ സംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കൊല്ലം യൂണിറ്റില്‍നിന്ന് നാലു ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ തെന്മലയിലേക്കും പുനലൂര്‍ ഡിപ്പോയില്‍നിന്നു നാലു സര്‍വീസുകള്‍ എം.എസ്.എല്ലിലേക്കും ആര്യങ്കാവ് ഡിപ്പോയില്‍നിന്ന് ചെങ്കോട്ടയിലേക്കും അധിക സര്‍വീസുകള്‍ നടത്തി. കൊല്ലം കുളത്തൂപ്പുഴ, കൊല്ലം ചെങ്ങന്നൂര്‍, കൊല്ലം പത്തനംതിട്ട ചെയിന്‍ സര്‍വീസുകള്‍ 20 മിനിറ്റ് ഇടവേളകളില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0Shares