കാസര്‍കോട്: പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് കാസര്‍കോട്ടെ എസ്.ടി.യു ചുമട്ട് തൊഴിലാളികള്‍. കാസര്‍കോട് ഗവ.കോളജില്‍ പ്രളയ ദുരിത സമാഹരണ കേന്ദ്രം ആരംഭിച്ചതുമുതല്‍ തൊഴിലാളികള്‍ കൂലിവാങ്ങാതെയാണ് തൊഴില്‍ ചെയ്യുന്നത്. കര്‍ണാടകയില്‍നിന്നും കാസര്‍കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി പേരാണ് ഓരോമിനുട്ടിലും സാധനങ്ങളുമായി എത്തുന്നത്.
ഇത് കോളജില്‍ ശേഖരിച്ചുവയ്ക്കാന്‍ നിരവധി വളണ്ടിയര്‍മാരുണ്ടെങ്കിലും വലിയ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും ചുമട്ട് തൊഴിലാളികള്‍ തന്നെ വേണം. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുല്‍ റഹ്മാന്റെ നിര്‍ദേശ പ്രകാരം 20 ഓളം തൊഴിലാളികളാണ് നാലുദിവസമായി ഊണും ഉറക്കവുമില്ലാതെ കോളജില്‍ കാമ്പസില്‍ ജോലി ചെയ്യുന്നത്.
കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സൗജന്യമായിത്തന്നെ ഇനിയും ജോലിചെയ്യുമെന്നു ജില്ലാ സെക്രട്ടറി മുത്തലീബ് പറയുന്നു. കാസര്‍കോട് ഗവ കോളജില്‍നിന്ന് കഴിഞ്ഞ ദിവസം രണ്ട് ലോഡ് സാധനങ്ങളാണ് ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയത്. ഇന്ന് നാല് ലോഡ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ എ.കെ രമേന്ദ്രന്‍ പറഞ്ഞു.
പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ വിശ്രമമില്ലാതെ ജോലിചെയ്ത് കാസര്‍കോട്ടെ ചുമട്ടുതൊഴിലാളികള്‍