പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ ബോംബ് വ്യവസായത്തിന് പകരം പുതിയ വ്യവസായ ശാലകൾ കൊണ്ടുവരും: രാജ്മോഹന്‍ ഉണ്ണിത്താൻ

  • Post category:news
  • Reading time:2 mins read
You are currently viewing പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ ബോംബ് വ്യവസായത്തിന് പകരം പുതിയ വ്യവസായ ശാലകൾ കൊണ്ടുവരും: രാജ്മോഹന്‍ ഉണ്ണിത്താൻ

കാസർകോട്: മണ്ഡലത്തിലെ പയ്യന്നൂർ, കല്യാശേരി എന്നിവിടങ്ങളില്‍ സി.പി.എം നടത്തുന്ന ബോംബ് വ്യവസായം അവസാനിപ്പിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ കേന്ദ്ര- സംസ്ഥാന വ്യവസായ ശാലകൾ കൊണ്ടുവരുമെന്ന് നിയുക്ത എം.പി. രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കാസർകോട് പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര ലക്ഷത്തിന് മുകളിലാണ് തന്‍റെ ഭൂരിപക്ഷം പ്രതീക്ഷിച്ചതെങ്കിലും ഇത് കുറയാൻ കാരണം സി.പി.എമ്മുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തത് കൊണ്ടാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 35 വർഷമായി കാസർകോട് പാർലമെന്റ് മണ്ഡലം സി.പി.എം കുത്തകയാക്കി വെച്ചത് കള്ള വോട്ടിന്‍റെ ബലത്തിലാണ്. ഇത്തവണയും അതിന് ശ്രമിച്ചു. മൂന്നു ബൂത്തുകളിൽ കള്ളവോട്ട് ചെയ്തത് കൈയോടെ പിടികൂടി. പല ബൂത്തുകളിലും സി.പി.എമ്മുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തിരുന്നു.

ക്രിമിനൽ കുറ്റമായ കള്ളവോട്ട് ചെയ്യാൻ സി.പി.എം പലയിടത്തും ഉപയോഗിച്ചത് സ്ത്രീകളെയാണ്. എന്നിട്ട് ഇതിനെ ന്യായീകരിക്കാനാണ് സാമാന്യ വിവരം പോലുമില്ലാത്ത സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. പല സ്ഥലങ്ങളിലും ശ്രമം നടത്തി. ഇതിനെയൊക്കെ അതിജീവിച്ചാണ് യു.ഡി.എഫ് പ്രവർത്തകർ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

റിപോളിങ് നടന്ന ദിവസം പിലാത്തറയിൽ സ്ഥാനാർത്ഥിയായ തന്നെയും ഏഷ്യാനെറ്റ് റിപ്പോർട്ടർ മുജീബിനെയും സി.പി.എമ്മുകാർ അക്രമിക്കുകയുണ്ടായി. അക്രമത്തിന് നേതൃത്വം നൽകിയത് ചെറുതാഴം സർവീസ് സഹകരണ ബാങ്കിലെയും ,പരിയാരം മെഡിക്കൽ കോളജിലെയും ജീവനക്കാരാണ്. സർക്കാർ ജോലി കൊടുത്ത് നാട്ടിൽ ക്രിമിനലുകളെ വളർത്തിയെടുക്കുകയാണ് സി.പി.എം. ചെയ്യുന്നത്. പകയുടെയും ,വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും കൊലപാതകത്തിന്‍റെയും രാഷ്ട്രീയം കാസർകോടിന്‍റെ മണ്ണിൽ നിന്ന് അവസാനിപ്പിക്കാനുള്ള പ്രവർത്തനമാണ് എം.പി എന്ന നിലയിൽ താൻ ആദ്യമായി നടത്തുക. നാടിന് ആവശ്യം ശവകുടീരങ്ങളും ബലികുടീരങ്ങളുമല്ല. ശാന്തിയും സമാധാനവും ഉണ്ടെങ്കിൽ മാത്രമേ നാട്ടിൽ വികസനം സാധ്യമാകുകയുള്ളൂ. കഠാര, അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ എം.പി എന്ന നിലയിൽ ശ്രമിക്കും. അക്രമം അമർച്ച ചെയ്യാൻ നിയമത്തിന്‍റെ വഴിയിൽ പോകും.

കാസർകോടിന്‍റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവർത്തിക്കും . രാഷ്ട്രീയ ശത്രുക്കളെ പോലും മിത്രങ്ങളായി കാണും . വികസനത്തിൽ രാഷ്ട്രീയം കാണില്ല. പ്രധാനമന്ത്രിയെയും ,മുഖ്യമന്ത്രിയെയും കണ്ട് വികസന പ്രവർത്തനങ്ങൾ കാസർകോട്ടെക്ക് കൊണ്ടുവരും.കേന്ദ്ര സർവകലാശാലാ മെഡിക്കൽ കോളജ്, ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് എന്നിവ കാസർകോട്ട് സ്ഥാപിക്കാനുള്ള പ്രവർത്തനം നടത്തും. ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് അതിന് പരിഹാരം കാണും. ജനങ്ങൾക്ക് പ്രയാസമില്ലാത്ത രീതിയിൽ അനുയോജ്യമായ സ്ഥലത്ത് എം.പി. ഓഫീസ് പ്രവർത്തിക്കും.

കാസർകോട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും. ഇത്തരം സ്ഥാപനങ്ങൾ വരാതിരിക്കുന്നത് കർണാടക ലോബി ഇവിടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. പല ഉദ്യോഗസ്ഥരും ഇവരുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ട്. അത്തരക്കാരെ പൊതുജനമധ്യത്തിൽ തുറന്നു കാണിക്കാൻ എം.പി. എന്ന നിലയിൽ താൻ ശ്രമിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പ്രസിഡന്റ് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, അഡ്വ. സി.കെ. ശ്രീധരൻ എന്നിവർ കൂടെയുണ്ടായിരുന്നു.

0Shares