Categories
national news

2000 രൂപ നോട്ട് ഇറക്കിയത് മണ്ടത്തരം, പിന്‍വലിക്കുന്നതില്‍ സന്തോഷം: പി.ചിദംബരം

ബി.ജെ.പിക്കാരുടെ കള്ളപ്പണം വെളുപ്പിക്കാനാണ്

ന്യുഡല്‍ഹി: 2000 രൂപ നോട്ട് വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമത്തെ പിന്തുണച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി.ചിദംബരം. 2000 രൂപയുടെ നോട്ട് ഇറക്കിയത് മണ്ടത്തരമായിരുന്നു. അത് കള്ളപ്പണം എളുപ്പത്തില്‍ സൂക്ഷിക്കാന്‍ മാത്രമേ സഹായിച്ചുള്ളു. ഇപ്പോള്‍, ആ ആളുകള്‍ക്ക് അവരുടെ പണം മാറിയെടുക്കാന്‍ ചുവപ്പ് പരവതവനി വിരിച്ചിരിക്കുകയാണ്.

കള്ളപ്പണം പുറത്തുകൊണ്ട് വരാനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ട് അസാധുവാക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ 2000 രൂപ നോട്ടുകള്‍ മാറിയെടുക്കാന്‍ ഒരു തിരിച്ചറിയല്‍ രേഖയും ഒരു ഫോമുകളും ഒരു തെളിവുകളും വേണ്ടെന്നാണ് ബാങ്കുകള്‍ പറയുന്നത്. അത് ബി.ജെ.പിക്കാരുടെ കള്ളപ്പണം വെളുപ്പിക്കാനാണ്.

സാധാരണ ജനങ്ങളുടെ കയ്യില്‍ 2000 നോട്ടില്ല. 2016ല്‍ ആ നോട്ട് കൊണ്ടുവന്നപ്പോഴേ അവര്‍ അത് നിരാകരിച്ചിരുന്നു. അവര്‍ക്ക് ദൈന്യംദിനമുള്ള ആവശ്യത്തിന് അത് ഉപകരിച്ചിരുന്നില്ല. ആരാണ് 2000 രൂപ നോട്ട് സൂക്ഷിച്ചതും ഉപയോഗിച്ചിരുന്നതും? അതിന് മറുപടിയുണ്ടോയെന്നും അദേഹം പരിഹസിച്ചു.

2000 രൂപ നോട്ട് കൊണ്ടുവന്നത് വിഡ്ഡിത്തമായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ ആ തീരുമാനം പിന്‍വലിക്കുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

പ്രചാരത്തിലിരിക്കുന്ന 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായും സെപ്തംബര്‍ 30 വരെ മാത്രമേ വിപണിയില്‍ ഉണ്ടായിരിക്കൂവെന്നും വെള്ളിയാഴ്‌ചയാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ബാങ്കില്‍ നല്‍കി മാറിയെടുക്കുകയോ വേണമെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു.

2016 നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്കായിരുന്നു അന്ന് പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച്‌ പ്രധാനമന്ത്രി അറിയിപ്പ് നല്‍കിയത്. പിന്നീട് 2000, 500, 200 എന്നിവയുടെ പുതിയ നോട്ടുകള്‍ ഇറങ്ങി. 2016ലെ നോട്ട് നിരോധനത്തിലെ മണ്ടന്‍ തീരുമാനം മറയ്ക്കുന്നതിനുള്ള ബാന്‍ഡ്‌ എയ്‌ഡ്‌ ആയിരുന്നു 2000 രൂപ നോട്ട് എന്ന് ചിദംബരം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest