പയ്യന്നൂരിലെ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍; മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങി ശേഷം പ്രതിയുടെ മോഷണ പരമ്പര

  • Post category:local news
  • Reading time:1 min read
You are currently viewing പയ്യന്നൂരിലെ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍; മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങി ശേഷം പ്രതിയുടെ മോഷണ പരമ്പര

പയ്യന്നൂര്‍: പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. പയ്യന്നൂര്‍ കാനായിയിലെ തിക്കില്‍ ബാബു എന്ന സുരേഷ് ബാബു(45) വിനെയാണ് പയ്യന്നൂര്‍ എസ് ഐ.എന്‍.എം ബിജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെ പുതിയ ബസ് സ്റ്റാന്റിനടുത്ത് വെച്ചാണ് അറസ്റ്റ്. കഴിഞ്ഞ 21, 22 തീയ്യതികളിലാണ് പയ്യന്നൂരിലെ രണ്ട് പ്രധാനക്ഷേത്രങ്ങളില്‍ കവര്‍ച്ച നടന്നത്. ദേശീയപാതക്കരികില്‍ സ്ഥിതിചെയ്യുന്ന വെള്ളൂര്‍ കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തിലും എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ കവര്‍ച്ച നടന്നത്. വെള്ളൂര്‍ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് ഭണ്ഡാരങ്ങളും എടാട്ട് ക്ഷേത്രത്തില്‍ നിന്ന് അഞ്ച് ഭണ്ഡാരങ്ങളുമാണ് കവര്‍ന്നത്. ഇവിടുത്തെ വഴിപാട് കൗണ്ടറും കുത്തിത്തുറന്നിരുന്നു. എടാട്ടെ ക്ഷേത്രത്തിലെ സി സി ടി വി ക്യാമറയില്‍ ദൃശ്യം പതിഞ്ഞതാണ് മോഷ്ടാവിനെ തിരിച്ചറിയാന്‍ കാരണമായത്. ഈ രണ്ട് ക്ഷേത്രങ്ങളിലും നടന്ന കവര്‍ച്ചകള്‍ പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ കൈയ്യില്‍ നിന്നും ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നും കവര്‍ന്ന തുകയുടെ വലിയൊരു ഭാഗവും പിടികൂടിയിട്ടുണ്ട്.തളിപറമ്പില്‍ നിന്നും പയ്യന്നൂരിലേക്കുള്ള സ്വകാര്യ ബസ്സില്‍ ബാബു യാത്ര ചെയ്യുന്നുണ്ടെന്ന വിവരം പയ്യന്നൂര്‍ പോലീസിന് ലഭിച്ചിരുന്നു. ഇതേ ബസ്സില്‍ യാത്ര ചെയ്തിരുന്ന പോലീസുകാരനാണ് പ്രതിയെ തിരിച്ചറിഞ്ഞ് പയ്യന്നൂര്‍ പോലീസിന് വിവരം നല്‍കിയത്. ബസ് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ പ്രതി ഇറങ്ങുകയും അവിടെ കാത്തുനില്‍ക്കുകയായിരുന്ന പോലീസ് പിടികൂടുകയുമായിരുന്നു. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഇയാള്‍ ഈ മാസം മൂന്നിനാണ് മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി.

0Shares