
ഡോ: ജമാൽ അഹ്‌മദ്
മീസിൽസ് – റുബെല്ലാ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. നിലവിൽ 9 മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ പത്താംതരം വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ കുത്തിവെപ്പ് നൽകിവരുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിൽ ഈ പ്രതിരോധ കുത്തിവെപ്പ് നൽകിവരുന്നുണ്ട്. ചില രക്ഷിതാക്കൾ ഈ പ്രതിരോധ കുത്തിവെപ്പിൽ നിന്നും തന്റെ മക്കളെ ഒഴിവാക്കുക എന്ന നിലപാടെടുത്തതിനാൽ സർക്കാർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും കുറച്ചു ദിവസം കൂടി നൽകിയിരിക്കുകയാണ്. നവമ്പർ 18 ആണ് നിലവിലെ അവസാന തിയതി. ഈ സമയപരിധിക്കുള്ളിൽ എല്ലാ കുട്ടികൾക്കും ഈ കുത്തിവെപ്പ് നൽകാനാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ശ്രമിക്കുന്നത്. നിലവിൽ 72% കുട്ടികളിൽ പ്രതിരോധ കുത്തിവെപ്പ് നടത്തി എന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശം അടങ്ങിയ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവടങ്ങളിൽ ശരാശരി പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം പരിശോധിച്ചാൽ 70 % ത്തിൽ താഴെയാണ്.
ഈ കണക്ക് പ്രകാരം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കുത്തിവെപ്പ് എടുക്കുന്നതിൽ നിന്നും രക്ഷിതാക്കൾ പിന്നോക്കം പോയി എന്നാണ് മനസ്സിലാകുന്നത്. ഇത് ഇവരിലെ ആശയക്കുഴപ്പമാണ് പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് ആരോഗ്യ വകുപ്പ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. മിക്ക സ്കൂളുകളിലും ഈ തരത്തിലുള്ള ക്ലാസുകൾ സംഘടിപ്പിക്കുക വഴി കൂടുതൽ കുട്ടികൾക്ക് ഈ പ്രതിരോധ കുത്തിവെപ്പ് നൽകാനായി എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നിരുന്നാലും, ഇത്തരം ക്ലാസ്സുകളിൽ പങ്കെടുക്കാൻ പറ്റാത്തവരായ രക്ഷിതാക്കൾ തെറ്റിധരണയുടെ പേരിൽ തങ്ങളുടെ കുട്ടികളെ പ്രതിരോധ കുത്തിവെപ്പിൽ നിന്നും മാറ്റിനിർത്തുന്നത് ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് ഇടവരുത്തും എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ഇനി നമുക്ക് ഈ പ്രതിരോധ കുത്തിവെപ്പിനെ കുറിച്ച് മനസിലാക്കാം.. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം വർഷം ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി ഇരുനൂറ് പേര് (134200) മീസിൽസ് രോഗമൂലം മരിക്കുന്നു എന്നാണ് കണക്ക്. ഇത് കൂടാതെ നിരവധി കുട്ടികൾ അംഗ വൈകല്യരായി ജനിക്കുന്നു. ഗർഭണികൾക്ക് റൂബെല്ല രോഗം പിടിപെട്ടാൽ ജനിക്കുന്ന കുഞ്ഞിന് വൈകല്യമുണ്ടാകുന്നു. ഈ രോഗം പിടിപെട്ടാൽ സുഖപ്പെടുത്തുന്ന മരുന്ന് നിലവിലില്ല. അത്കൊണ്ട് ഈ രോഗങ്ങളെ തടയുക എന്നതാണ് പ്രധാനം. അതിന് വേണ്ടി രോഗാണുക്കളെ പ്രതിരോധിക്കാൻ കഴിവുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. അതാണ് (MR) മീസിൽസ് – റുബെല്ലാ പ്രതിരോധ മരുന്ന്. ഈ മരുന്നാണ് നിലവിൽ ഇന്ത്യയിലെ എല്ലാ കുട്ടികളിലും നൽകിവരുന്നത്. അയൽ സംസ്ഥാനമായ കർണാടകയിൽ കഴിഞ്ഞ വർഷം ഈ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഈ വർഷമാണ് നല്‍കുന്നത്.
ഈ പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് വഴി വരും തലമുറയിൽ ഇത്തരം രോഗാണുക്കൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുസ്ലിം രാജ്യങ്ങൾ അടക്കമുള്ള മറ്റു രാഷ്ട്രങ്ങളിൽ ഇത്തരം പ്രതിരോധ മരുന്ന് നൽകുന്നത് സാദാരണമാണ്. എല്ലാ ആശുപത്രികളുലും ഇത്തരം സൗകര്യങ്ങൾ അതാത് സർക്കാരുകൾ ഒരുക്കിനല്കും. അത്കൊണ്ട് തന്നെ ഇത്തരം രാഷ്ട്രങ്ങളിൽ ഇത് പോലുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല. ഇന്ത്യയിൽ നിന്നും ഇതര രാജ്യങ്ങളിലേക്ക് നമ്മൾ യാത്ര ചെയ്യുകയാണെങ്കിൽ ഇത്തരം പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നു എന്നതും നാം മനസ്സിലാക്കണം. ഹജ്ജ് തീർത്ഥാടകർക്കും നൽകുന്നത് പ്രതിരോധ കുത്തിവെപ്പാണ്. ഇതൊക്കെ നമ്മള്‍ അറിയുമ്പോൾ എന്ത് കൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പിൽ നിന്നും നാം മാറിനിൽകുന്നത് എന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം. ഇസ്ലാമിന് നിഷിദ്ധമായതോ.. ഇല്ലങ്കിൽ മുസ്ലിം ജനസംഖ്യയിലെ ഏറ്റക്കുറച്ചിൽ നിയന്ത്രിക്കുന്നതിനോ വേണ്ടിയല്ല ഈ പ്രതിരോധ കുത്തിവെപ്പെന്നും നാം അറിഞ്ഞിരിക്കണം.
സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരേ രീതിയിലാണ് ഈ കുത്തിവെപ്പ് നൽകുന്നത്. ഇതിൽ ജാതിയോ മതമോ തിരക്കാറില്ല. ജോസഫിന്റെ മക്കൾക്കും രാമന്റെ മക്കൾക്കും മുഹമ്മദിന്റെ മക്കൾക്കും ഒരേ പ്രതിരോധ കുത്തിവെപ്പാണ് നൽകുന്നത്. അതുകൊണ്ട്തന്നെ മറ്റു സംശയങ്ങൾക്ക് ഇടമില്ല എന്നതാണ് സത്യം. കുത്തിവെപ്പ് ആവശ്യമില്ല എന്നരീതിയിൽ നിങ്ങൾ നിങ്ങളുടെ മക്കളെ ഇതിൽ നിന്നും ഒഴിവാക്കുകയാണെങ്കിൽ ഭാവിയിൽ നേരിടാൻ പോകുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും നിങ്ങൾ കരണക്കാരായി മാറും.
സമൂഹത്തിൽ എല്ലാവരും ഇടകലർന്ന് ജീവിക്കുന്നതിനാൽ പ്രതിരോധ കുത്തിവെപ്പ് എല്ലാവരും എടുത്തിരിക്കണം. ചില കുട്ടികളെ ഒഴിവാക്കിയാൽ രോഗാണുക്കൾ ഇവരെ മാത്രം കേന്ദ്രീകരിച്ച് രോഗം വളർത്തും. ഇത് രോഗം വീണ്ടും കൂടാൻ സാധ്യത ഏറെയാണ്. അത്കൊണ്ട് രോഗാണുക്കളെ ഉന്മൂലനം ചെയ്യലാണ് ഉചിതം. ഇതിനായി എല്ലാ കുട്ടികളെയും ഈ പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കണം. അത്കൊണ്ട് തന്നെ തന്റെ മക്കൾക്ക് ഈ പ്രതിരോധ കുത്തിവെപ്പ് നൽകി എന്ന് ഓരോ രക്ഷിതാവും ഉറപ്പ് വരുത്തേണ്ടതാണ്.
(നീലേശ്വരം താലൂക് ആശുപത്രി സൂപ്രണ്ട്, കേരള ഗവർമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ വൈസ്- പ്രസിഡണ്ടും കൂടിയാണ് ലേഖകന്‍)
