കാസര്‍കോട്: നോട്ട് നിരോധനത്തിലൂടെ പ്രധാന മന്ത്രി നരേന്ദ്രമോദി അരാജകത്വം രാജ്യത്ത് വിതച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ യു.ഡി.എഫ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം തടയുക, തീവ്രവാദ പ്രവര്‍ത്തനം തടയുക, കള്ളനോട്ട് പിടിച്ചെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നോട്ട് നിരോധനവുമായി ഇറങ്ങി തിരിച്ച മോദി പറഞ്ഞ മൂന്ന് കാര്യങ്ങളിലും സമ്പൂര്‍ണ പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു. കള്ളപ്പണം തിരിച്ചെത്തിയാല്‍ ഓരോ പൗരന്റെയും അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുമെന്ന് പറഞ്ഞ മോദിയുടെ വാക്കുകള്‍ ഇപ്പോള്‍ പാഴ്‌വാക്കുകളായി. ജനവികാരം ഉയര്‍ത്തിപ്പിടിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഈമാസം 24ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ., കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, അഡ്വ. എം.സി. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, കെ. നീലകണ്ഠന്‍, പി.എ. അഷ്റഫലി, എ.വി. രാമകൃഷ്ണന്‍, ടി.ഇ. അബ്ദുല്ല, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കരിവള്ളൂര്‍ വിജയന്‍, പി.കെ. ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു.