കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ അന്തര്‍സംസ്ഥാന സാരഥീ സംഗമവും നേതൃത്വ പരിശീലനവും 18ന് ചെര്‍ക്കള ഐമാക്സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കീഴിലുള്ള 427 റെയ്ഞ്ചുകളിലെ പ്രധാന ഭാരവാഹികള്ളടക്കം 2,000 പ്രതിനിധികള്‍ സാരഥി സംഗമത്തില്‍ പങ്കെടുക്കും. കേരളത്തിന് പുറമെ കര്‍ണ്ണാടക, ലക്ഷദ്വീപ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇതില്‍ ഉള്‍പ്പെടും. 18 ന് രാവിലെ 10 നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സാരഥി സംഗമം ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
സമസ്ത സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. 60ാം വാര്‍ഷിക ലോഗോ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്ലിയാര് പ്രകാശനം ചെയ്യും. പഠനവൈകല്ല്യമുള്ള കുട്ടികളെ കണ്ടെത്തി വളര്‍ത്തി കൊണ്ടുവരുന്നതിന് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്കുന്ന പ്രത്യേക പദ്ധതിയുടെ ലോഞ്ചിംങ് പി.ബി അബ്ദു റസാഖ് എം.എല്‍.എ പ്രഖ്യാപിക്കും. മാതൃകാ മുഅല്ലിം അവാര്‍ഡ് ദാനം വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന് തങ്ങള്‍, ട്രഷറര്‍ ലത്തീഫ് മൗലവി ചെര്‍ക്കള, ചെര്‍ക്കള റെയ്ഞ്ച് സെക്രട്ടറി മൊയ്തു മൗലവി ചെര്‍ക്കള സംബന്ധിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമിന് അന്തര്‍സംസ്ഥാന സാരഥി സംഗമം ബുധനാഴ്ച ചെര്‍ക്കളയില്‍