
സംസ്ഥാനത്തെ തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശം. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.7 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കനത്തെ മഴയെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. കാസര്‍കോട് കാക്കടവ് ചെക്ക്ഡാമിന് സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്നു. വ്യാഴാഴ്ച വരെ കനത്തമഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 17 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. 260 കുടുംബങ്ങളിലെ 1142 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്.
ഇതുവരെ സംസ്ഥാനത്താകെ രണ്ടു വീടുകള്‍ പൂര്‍ണമായും 34 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കനത്ത മഴയില്‍ സംസ്ഥാനത്ത് നാലുപേര്‍ കൂടി മരിച്ചു. ഒരാളെ കാണാതായി. ഇതോടെ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
