കേരളത്തിലെ ആദ്യ നിര്‍ഭയ കേസ് വിധി കാസര്‍കോട്ട്; പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാക്കള്‍ക്ക് 20 വര്‍ഷം തടവ്

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ ആദ്യ നിര്‍ഭയ കേസ് വിധി കാസര്‍കോട്ട്; പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാക്കള്‍ക്ക് 20 വര്‍ഷം തടവ്

കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ക്കും സുഹൃത്തിനും 20 വര്‍ഷം വീതം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഡല്‍ഹിയിലെ ‘നിര്‍ഭയ’ കൂട്ടമാനഭംഗത്തെ തുടര്‍ന്നു കൂടുതല്‍ കര്‍ശനമാക്കി ഭേദഗതി ചെയ്ത നിയമപ്രകാരം കേരളത്തിലെ ആദ്യശിക്ഷാവിധിയാണിത്. ഓട്ടോഡ്രൈവര്‍ ബദിയടുക്ക ബാറടുക്ക സ്വദേശി എ. ഇബ്രാഹിം ഖലീല്‍ (30), സുഹൃത്ത് ബീജന്തടുക്ക ബി.എ. ഖാലിദ് (30) എന്നിവരെയാണു കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴത്തുക പെണ്‍കുട്ടിക്കു നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഇരുവരും 2 വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. തട്ടിക്കൊണ്ടുപോയതിനു ഖലീലിന് 5 വര്‍ഷം കഠിനതടവു കൂടി വിധിച്ചിട്ടുണ്ടെങ്കിലും തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പീഡനത്തിനിരയായ പെണ്‍കുട്ടിക്കു പുനരധിവാസത്തിനു ധനസഹായം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു കോടതി നിര്‍ദേശം നല്‍കി. 2013 ജൂലൈ 15നു രാവിലെ എട്ടരയോടെ സ്‌കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂളിലെത്തിക്കാമെന്നു പറഞ്ഞു ഖലീല്‍ ഓട്ടോയില്‍ കയറ്റി ബീജന്തടുക്കയിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോവുകയും ഖാലിദിനെ വിളിച്ചുവരുത്തി രണ്ടുപേരും ചേര്‍ന്നു പീഡിപ്പിക്കുകയും ചെയ്തതായാണു കേസ്. പെണ്‍കുട്ടിയെ വൈകിട്ടു മറ്റൊരു ഓട്ടോയില്‍ വീട്ടിലേക്കു വിടുകയായിരുന്നു. കാസര്‍കോട് സിഐ ആയിരുന്ന സി.കെ.സുനില്‍കുമാര്‍, കെ.പ്രേംസദന്‍ എന്നിവര്‍ അന്വേഷിച്ച കേസില്‍ സിഐ. ഡോ.വി.ബാലകൃഷ്ണനാണു കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
ഡല്‍ഹിയില്‍ ബസ്സില്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട നിര്‍ഭയ സംഭവം രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ചതിനെ തുടര്‍ന്ന് 2013 ഫെബ്രുവരിയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പീഡന വിരുദ്ധ നിയമം കൂടുതല്‍ കര്‍ശനമാക്കി ഭേദഗതി ചെയ്തത്. അതുവരെ 10 വര്‍ഷം കഠിനതടവ് ആയിരുന്നു ചുരുങ്ങിയ ശിക്ഷ. ഭേദഗതിക്കു ശേഷം 20 വര്‍ഷം കഠിനതടവ് മുതല്‍ ആജീവനാന്തം തടവ് വരേയായി ശിക്ഷ.

0Shares