
ന്യൂഡൽഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാര്‍ ഡിവൈഡറിലിടിച്ച് തകര്‍ന്ന് നാല് ഭാരദ്വഹന താരങ്ങള്‍ മരിച്ചു. ഡല്‍ഹി-ചണ്ഡിഗഢ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് കാര്‍ വഴിയരികിലെ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റ് രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റു. മോസ്കോയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭാരദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യനായ സാക്ഷം യാദവും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന് പാനിപ്പത്തിലേക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ പോകുകയായിരുന്നു ആറ് താരങ്ങളും. പുലര്‍ച്ചെ നാല് മണിയോടെ സിംഗു അതിര്‍ത്തിയില്‍ ആലിപ്പുര്‍ ഗ്രാമത്തില്‍ വച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.

പരിക്കേറ്റ താരങ്ങളെ ഡല്‍ഹി ഷാലിമാര്‍ ബാഗിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരീഷ്, ടിങ്കു, സൂരജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സാക്ഷം യാദവ് ലോക ഭാരദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ താരമാണ്. അമിതവേഗതയിലായിരുന്നു കാറെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി രാജ്യതലസ്ഥാനത്തിൽ ശക്തമായ മൂടൽമഞ്ഞും മാലിന്യവുമാണ് ഭീഷണിയായിരിക്കുന്നത്. ജനങ്ങൾ പുറത്തിറങ്ങി നടക്കരുത് എന്ന് കാട്ടി ഇന്ത്യൻമെഡിക്കൽ അസോസിയേഷൻ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മൂടൽമഞ്ഞിനൊപ്പം മാലിന്യവുംകൂടികലർന്നാണ് അന്തരീക്ഷത്തിൽ വ്യാപിച്ചിരിക്കുന്നത്.
