
തിരുവനന്തപുരം: കേരളത്തിൽ ചില സ്ഥലങ്ങളിൽ 2019 മേയ് 5 ,6, 7 തീയതികളിൽ ശക്തമായ മഴയ്ക്കു സാധ്യത. മേയ് 6,7 തീയതികളിൽ ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട്, പുതുച്ചേരി തീരത്തു തെക്ക്/തെക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 35-45 കി.മീ വേഗതയിൽ കാറ്റു വീശുവാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പു നിർദേശിച്ചു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ പൊതുജനങ്ങൾക്കുള്ള നിര്‍ദേശങ്ങള്‍:
∙ ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക.
∙ മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
∙ മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിനു പോകാതിരിക്കുക.

∙ കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫെയ്സ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
∙ ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്.
∙ പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കുന്നത് ഒഴിവാക്കുക.
∙ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക, പ്രത്യേകിച്ചു കുട്ടികൾ ഇറങ്ങുന്നില്ലെന്നു മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
∙ കാറ്റിന്റെ സാഹചര്യത്തിൽ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങൾ നിർത്തിയിടരുത്.
∙ മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം.
∙ പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര് സ്ഥലത്തു സൂക്ഷിക്കുക.
∙ ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ലെന്നു വീട്ടിലുള്ളവർക്കു നിര്‍ദേശം നൽകുക.
∙ ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക:
1. തിരുവനന്തപുരം MW (AM Channel): 1161 kHz
2. ആലപ്പുഴ MW (AM Channel): 576 kHz
3. തൃശൂര്‍ MW (AM Channel): 630 kHz
4. കോഴിക്കോട് MW (AM Channel): 684 kHz
∙ ജില്ലാ എമര്‍ജൻസി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പര്‍ 1077 എന്നതാണ്. ജില്ലയ്ക്കു പുറത്തുനിന്നാണു വിളിക്കുന്നതെങ്കില് അതാതു ജില്ലകളുടെ എസ്ടിഡി കോഡ് ചേര്‍ക്കുക.
∙ പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.
∙ വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ, കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
∙ വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.
