ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവരത്നങ്ങള്‍ പതിച്ച തിരുവാഭരണം കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത. നിലവില്‍ സംഭവത്തെക്കുറിച്ച് അമ്പലപ്പുഴ പോലീസും ദേവസ്വം ബോര്‍ഡ് വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ വിഷു നാളിലാണ് പതക്കം നഷ്ടമായത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നിയന്ത്രണത്തിലുള്ള തിരുവാഭരണം വിഷു ചടങ്ങുകള്‍ക്കായി മേല്‍ശാന്തിമാരെ ഏല്‍പ്പിച്ചിരുന്നു. തിരികെ ലഭിച്ചപ്പോള്‍ തിരുവാഭരണത്തില് ചാര്‍ത്തിയിരുന്ന അമൂല്യമായ നവരത്നങ്ങള്‍ പതിച്ച പതക്കങ്ങള്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് അന്വഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും 93 ഗ്രാം തങ്കത്തില്‍ അമൂല്യ രത്നങ്ങള്‍ പതിച്ചതുമായ പതക്കങ്ങള്‍ കോടികള്‍ വിലമതിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗവാന്റെ സ്വര്‍ണ്ണ കുടയുടെ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ അന്വേഷണം എങ്ങുമെത്താതെ നിന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.