ആലപ്പുഴ: ആലപ്പുഴയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. നിക്ഷേപിച്ച പണം തിരിച്ചു കിട്ടാനായി അമ്പലപ്പുഴയിലെ ചിട്ടി നടത്തിപ്പുകാരന്റെ വീട്ടിലെത്തിയ ഇടുക്കിയിലെ ദമ്പതികളായ വേണുവിനും സുമയ്ക്കുമാണ് അതിദാരുണമായ മരണത്തിന് കീഴടങ്ങേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് വേണുവും സുമയും ഇടുക്കിയില്‍ നിന്നും ആമ്പലപ്പുഴയിലെ ബി ആന്‍ഡ് ബി ചിട്ടിയുടമ സുരേഷ് ഭക്തവല്‍സലന്റെ വീട്ടിലെത്തിയത്. മൂന്ന് വര്‍ഷം മുമ്പ് പൊളിഞ്ഞുപോയ ചിട്ടിയില്‍ നിക്ഷേപിച്ച മൂന്നര ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഇവര്‍ വീട്ടിലെത്തിയത്. പണത്തെ ചൊല്ലി ഉണ്ടായ വാക് തര്‍ക്കമാണ് പിന്നീട് മരണത്തില്‍ കലാശിച്ചത്. രാത്രിയോടെ കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് ഇവര്‍ തീ കൊളുത്തിയെന്നാണ് ചിട്ടിയുടമയുടെ മൊഴി. എന്നാല്‍ ബന്ധുക്കള്‍ ഇത് നിഷേധിച്ചു.

90 ശതമാനം പൊള്ളലേറ്റ വേണുവിനെയും സുമയെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. പെട്രോളൊഴിച്ച് തീകൊളുത്തി എന്നാണ് വേണുവിന്റെ മരണ മൊഴിയെന്നും പറയപ്പെടുന്നു. സ്വയംതീകൊളുത്തിയതാണെന്ന് കസ്റ്റഡിയിലുള്ള ചിട്ടിക്കമ്പനിയുടമ സുരേഷിന്റെ മൊഴി, പക്ഷേ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. വേണു ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്മാര് ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ പെട്രോള്‍ എവിടെ നിന്ന് കിട്ടി, മൂന്നര ലക്ഷം രൂപയ്ക്ക് വേണ്ടി ദമ്പതികള്‍ സ്വയം ജീവനൊടുക്കുമോ..? തുടങ്ങിയ സംശയങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന സംശയത്തില്‍ പോലീസിനെയും കുഴപ്പിക്കുന്നത്. 2013 ല്‍ തകര്‍ന്നുപോയ ചിട്ടിയില്‍ 17 കേസുകള്‍ ഉടമയ്ക്കെതിരെ നിലവിലുണ്ട്. എന്നാല്‍ ദമ്പതികളുടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റഡിയിലുള്ള ചിട്ടിയുടമയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.