സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ദീപക് മിശ്രയെ അറിയുമോ? ദേശീയഗാനം ആലപിക്കുമ്പോള്‍ തിയേറ്ററില്‍ എഴുന്നേറ്റു നില്‍ക്കണമെന്നു വിധിച്ച അതേ ജഡ്ജി

  • Post category:news
  • Reading time:2 mins read
You are currently viewing സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ദീപക് മിശ്രയെ അറിയുമോ? ദേശീയഗാനം ആലപിക്കുമ്പോള്‍ തിയേറ്ററില്‍ എഴുന്നേറ്റു നില്‍ക്കണമെന്നു വിധിച്ച അതേ ജഡ്ജി

ന്യൂഡൽഹി: 45-ാം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ദീപക് മിശ്ര നമുക്കെല്ലാം സുപരിചിതനാണ്. വിവാദമായ പല ഉത്തരവുകളും ഇദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. കരണ്‍ ജോഹറിന്‍റെ കഭി ഖുശി കഭി ഗം സിനിമയിലെ ഒരു രംഗത്തില്‍ ദേശീയഗാനം പാടുമ്പോള്‍ കാണികള്‍ അറ്റന്‍ഷനായി നിന്നില്ല എന്ന് കാണിച്ച് ശ്യാം നാരായണന്‍ എന്ന ആള്‍ 2003 ല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തപ്പോൾ വാദം കേട്ടത് ദീപക് മിശ്ര. അന്ന് ഇതേ ജഡ്ജിയാണ് പരാതിക്കാരന് അനുകൂലമായ വിധി നല്‍കിയത് . ആ സീനുകള്‍ വെട്ടി മാറ്റി മാത്രമേ മധ്യപ്രദേശില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ , അല്ലെങ്കില്‍ ആ ഭാഗം പ്രദര്‍ശിപ്പിക്കുമ്പോള്‍ എല്ലാ കാണികളും അറ്റന്‍ഷനായി നില്‍ക്കുന്നുണ്ട് എന്ന് കോടതിയെ ബോധിപ്പിക്കണം എന്ന് ഉത്തരവിട്ടു.

എന്നാല്‍ ഈ വിധിയെ അന്ന് സുപ്രീം കോടതി റദ്ദാക്കി. കീഴ്കോടതിക്ക് സംഭവിച്ച അബദ്ധം എന്നാണ് സുപ്രീം കോടതി അന്ന് പറഞ്ഞത്. എന്നാല്‍ 13 വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ജഡ്ജി സുപ്രീം കോടതി ജഡ്ജി ആയപ്പോള്‍ ഇതേ ഹര്‍ജിക്കാരന്‍റെ പരാതിയിൽ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കി.

ഇന്നലെ രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു സ്ഥാനമേറ്റ ചീഫ് ജസ്റ്റിസ് സിമി നിരോധനം ഉള്‍പ്പെടെയുള്ള കേസുകളില്‍ വാദം കേട്ടു. നിര്‍ഭയ കേസ്‌ വിധി, മുംബൈ സ്‌ഫോടനക്കേസിലെ യാക്കൂബ്‌ മേമന്റെ വധശിക്ഷ തുടങ്ങിയ കേസുകള്‍ സുപ്രീംകോടതി ബെഞ്ചുകളുടെ അധ്യക്ഷനായിരുന്നു ദീപക്‌ മിശ്ര. അതിനു പുറമേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ എഫ്‌. ഐ. ആര്‍. അപ്‌ലോഡ്‌ ചെയ്യണമെന്നു നിര്‍ദേശം നല്‍കിയതും ഇദ്ദേഹമായിരുന്നു.

1977-ല്‍ അഭിഭാഷക ജീവിതം ആരംഭിച്ച ദീപക്‌ മിശ്ര ഒഡീഷ ഹൈക്കോടതിയില്‍ സിവില്‍, ക്രമിനല്‍, റവന്യു, നികുതി കേസുകളാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. 1996-ല്‍ ഒഡീഷ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്‌ജിയായി നിയമനം ലഭിച്ചു. തൊട്ടടുത്തവര്‍ഷം മധ്യപ്രദേശ്‌ ഹൈക്കോടതിയിലേക്കു മാറി. ആ വര്‍ഷം അവസാനം സ്‌ഥിരം ജഡ്‌ജിയായി നിയമിതനായി. 2009-ലാണ്‌ പട്‌ന ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി ചുമതലയേല്‍ക്കുന്നത്‌. 2011-ല്‍ സുപ്രീം കോടതി ജഡ്‌ജിയായി ചുമതലയേറ്റെടുക്കുന്നതു വരെ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര ഡല്‍ഹി ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായിരുന്നു. പട്‌ന ഹൈക്കോടതിയിലും ചീഫ്‌ ജസ്‌റ്റീസായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

0Shares