
മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം പ്രകാശനം ചെയ്ത സാംസ്കാരിക പ്രവർത്തകനെതിരെ അപവാദ പ്രചാരണം. ദൈവസ്നേഹത്തെ കുറിച്ച് സിസ്റ്റർ ലൂസി കളപ്പുര എഴുതിയ ‘സ്നേഹമഴയിൽ’ എന്ന കവിതാ സമാഹാരം ഒരുവർഷം മുമ്പാണ് മാനന്തവാടി പ്രസ് ക്ലബ്ബിലെ ചടങ്ങിൽ സാംസ്കാരിക പ്രവർത്തകനും കവിയുമായ ജിത്തു തമ്പുരാൻ പ്രകാശനം ചെയ്തത്. എഫ്.സി.സിയുടെ പേരിലെ സഭാ തർക്കത്തെ തുടർന്നാണ് സിസ്റ്റർ ലൂസിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചിലർ കുത്തിപ്പൊക്കാൻ തുടങ്ങിയത്.

കഴിഞ്ഞ ദിവസം സിസ്റ്റർ ലൂസിയെ കാണാൻ ചെന്ന മാധ്യമ പ്രവർത്തകർക്കെതിരെയും അപവാദ പ്രചാരണം ഉണ്ടായിരുന്നു. കേരളത്തിലെ കപട മതവിശ്വാസികളാണ് സോഷ്യൽ മീഡിയകളിൽ അപവാദ പ്രചാരണവുമായി രംഗത്തിറങ്ങിയതെന്ന് ജിത്തു തമ്പുരാൻ ചാനൽ ആർ.ബിയോട് പറഞ്ഞു. ക്രൈസ്തവ സഭാവിശ്വാസ അനുയായികളല്ലാത്ത അന്യമതസ്ഥരെ തേജോവധം ചെയ്യുന്ന ഈ നിലപാട് നീതിക്ക് നിരക്കാത്തതാണെന്നും നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുകയെന്ന് ലോകത്തോട് ആഹ്വാനം ചെയ്ത ക്രിസ്തുവിന്റെ അനുയായികളിൽ നിന്നും ഇത്തരം പ്രവൃത്തികൾ സംഭവിക്കുന്നത് തികച്ചും അപലപനീയമാണെന്നും ജിത്തു തമ്പുരാൻ കുറ്റപ്പെടുത്തി. സഭാതർക്കങ്ങൾക്കിടയിലെ നിലവാര ശൂന്യമായ തമ്മിലടിയിൽ പൊതുജനങ്ങളെ വലിച്ചിഴച്ച് ശല്യം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
