
തിരുവനന്തപുരം: കാലടി ശങ്കരാ കോളേജിലെ അധ്യാപകന് ആയ രജിത് കുമാര്‍ അന്ധവിശ്വാസപരവും സ്ത്രീവിരുദ്ധവുമായ കാര്യങ്ങളാണ് തുടര്‍ച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് കാട്ടി സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി നടത്തുന്ന ബോധവല്‍ക്കരണ പഠന പരിപാടികളിലും ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പുകളുടെ പരിപാടികളിളും ഇദ്ദേഹത്തെ പങ്കെടുപ്പിക്കില്ല എന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുന്‍പ് തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ വച്ച് ഒരു പൊതുപരിപാടിക്കിടയില്‍ പെണ്‍കുട്ടികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. തികച്ചും സ്ത്രീവിരുദ്ധമായ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ഒരു വിദ്യാര്‍ത്ഥിനി സദസില്‍ നിന്ന് ഇറങ്ങിപ്പോവുകയുണ്ടായി. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ പ്രസ്താവന വന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സെയ്ദ് ഷിയാസ് എന്ന യുവാവ് എഴുതിയ കുറിപ്പ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഓട്ടിസം ബാധിതരായ രക്ഷകർത്താക്കളുടെ ഒരു പ്രതിനിധി എന്ന രീതിയിൽ പറയുന്ന കുറിപ്പില്‍ അദ്ദേഹം, സാമൂഹ്യ വിരുദ്ധനായ ഇയാളെ ചാനൽ ചർച്ചകളിലേക്ക് ക്ഷണിക്കാതിരിക്കാനും ബഹു. മാധ്യമ സുഹൃത്തുക്കളും മാധ്യമ ഉടമകളും കൂടി ആർജ്ജവം കാട്ടണമെന്നും ഇയാൾ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ഇനി മുതൽ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ബഹു.ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇന്ന് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഈ കുറിപ്പിന്റെ വെളിച്ചത്തിലാണ് ഞാൻ ഇതെഴുതുന്നത്.
വഴുതക്കാട് വിമൻസ് കോളേജിൽ രജിത് കുമാർ കുമാർ ഒരു പൊതുപരിപാടിക്കിടയില്‍ പെണ്‍കുട്ടികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിൽ പരാമര്‍ശിക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തിയ സമയത്ത് ആ സദസ്സിലുണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാൻ. അയാൾ നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഒരു വിദ്യാര്‍ത്ഥിനി സദസില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിനും ഞാൻ ദൃക്സാക്ഷിയാണ്.
അന്ന് ആ പെൺകുട്ടി പ്രതികരിച്ച രീതി ശരിയായില്ല എന്ന് ഞാനുൾപ്പടെ ഒരു കൂട്ടം ആളുകൾ പലയിടത്തും ആവർത്തിച്ചിരുന്നെങ്കിലും വേദികളിൽ നിന്നും വേദികളിലേക്ക് പോകുമ്പോഴൊക്കെ ഏതെങ്കിലും വിവാദങ്ങൾ സൃഷ്ടിച്ച് മാധ്യമ/ജനശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണ് അയാൾ നടത്തുന്നതെന്നു പിന്നീട് എനിക്കും അന്ന് അയാളെ പിന്തുണച്ച സുഹൃത്തുക്കൾക്കും; കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും വ്യക്തമാകുകയുണ്ടായി. ഇയാളുടെ നിയന്ത്രണമില്ലാത്ത നാക്കിന് ഇപ്പോൾ ഇരയായിരിക്കുന്നത് ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളും അവരുടെ മാതാപിതാക്കളുമാണ്.
അമ്മമാര്‍ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാല്‍ കുട്ടികള്‍ ട്രാന്‍സ്ജെന്‍ഡറാകും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാര്‍ക്കാണ് തുടങ്ങിയവ ലൈംഗിക ന്യൂനപക്ഷങ്ങൾ ഉൾപ്പടെയുള്ളവരെയും,ഓട്ടിസം പോലുള്ള അവസ്ഥ ബാധിച്ച കുട്ടികളെയും രക്ഷിതാക്കളെ അപമാനിക്കുന്നതും സങ്കടത്തിലാഴ്ത്തുന്നതുമായ പ്രസ്താവനയാണ്.

കാസർകോട് നടന്ന ഒരു പരിപാടിയിൽ വച്ച് ഈ അഭിപ്രായമുന്നയിച്ച ഇയാൾ പിന്നീട് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കുകയുണ്ടായി. ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളും ട്രാന്‍സ്ജെന്‍ഡര്‍മാരും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുമൊക്കെ തന്നെ അതീവ വേദനയോടുകൂടിയാണ് ഇതിനെതിരെ പ്രതികരിച്ചത്.
സെറിബ്രല്‍ പാള്‍സിയോ ഓട്ടിസമോ ഉള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ദുര്‍നടപ്പുകാരാണെന്നു പറഞ്ഞത് അങ്ങേയറ്റം അധിക്ഷേപകരമാണ്; മറ്റൊന്ന് കൂടി മിസ്റ്റർ രജിത് കുമാർ മനസ്സിലാക്കണം: ഇത്തരം കുട്ടികളെ പരിചരിക്കുകയും അവരുടെ ദൈനം ദിന ആവശ്യങ്ങൾ കൃത്യമായി നടത്തിക്കൊടുക്കാനുംവേണ്ടി സ്വന്തം സുഖങ്ങളും സൗകര്യങ്ങളും ത്യജിച്ച് ദിനംപ്രതി ഈ മക്കളയോർത്ത് ഉരുകി തീരുന്നഅച്ഛനമ്മമാരുടേയും, കുടുംബാംഗങ്ങളുടെയും ശാപാഗ്നിയിൽ താങ്കൾ ഉരുകാതിരുന്നാൽ നന്ന്.
ഓട്ടിസം ഒരു രോഗമല്ല എന്നതും അത് ഒരവസ്ഥയാണെന്നിരിക്കെ ഇയാൾ നടത്തിയ പരാമര്‍ശങ്ങള്‍ അശാസ്ത്രീയവും സാമൂഹ്യവിരുദ്ധമാണ്. എന്നാൽ ഇതിനകം തന്നെ പലരും ചൂണ്ടിക്കാണിച്ചിട്ടും പരാമര്‍ശം പിന്‍വലിക്കാന്‍ അയാൾ തയ്യാറായിട്ടില്ല. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് രജത് കുമാറിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണെന്ന് അറിയാൻ കഴിഞ്ഞു. അതോടൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി നടത്തുന്ന ബോധവല്‍ക്കരണ പഠന പരിപാടികളില്‍ ഇയാളെപ്പോലുള്ളവരെ പങ്കെടുപ്പിക്കരുതെന്നും നിർദ്ദേശം നൽകിയ ബഹു. മന്ത്രി.കെ.കെ.ശൈലജ ടീച്ചര്‍ അവർകൾക്ക് ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർത്താക്കളുടെ ഒരായിരം നന്ദി.
സാമൂഹ്യ വിരുദ്ധനായ ഇയാളെ ചാനൽ ചർച്ചകളിലേക്ക് ക്ഷണിക്കാതിരിക്കാനും ബഹു. മാധ്യമ സുഹൃത്തുക്കളും മാധ്യമ ഉടമകളും കൂടി ആർജ്ജവം കാട്ടണമെന്നും ഇയാൾ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കണമെന്നും ഓട്ടിസം ബാധിതരായ രക്ഷകർത്താക്കളുടെ ഒരു പ്രതിനിധി എന്ന രീതിയിൽ ഞാൻ അഭ്യർഥിക്കുകയാണ്.
ആരും സഹായിച്ചില്ലെങ്കിലും ഞങ്ങളെപ്പോലുള്ളവരെ ദയവ് ചെയ്ത് അധിക്ഷേപിക്കരുത്. പ്ലീസ് !!
