സര്‍ക്കാര്‍ പുതിയ ഗതാഗതനയം രൂപീകരിക്കുക; പ്രകടനം, കൂട്ടധര്‍ണ്ണ, സൂചനാ സമരം; സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

  • Post category:news
  • Reading time:2 mins read
You are currently viewing സര്‍ക്കാര്‍ പുതിയ ഗതാഗതനയം രൂപീകരിക്കുക; പ്രകടനം, കൂട്ടധര്‍ണ്ണ, സൂചനാ സമരം; സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട് : സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇന്ധനവിലവര്‍ദ്ധനവ്, ഇന്‍ഷൂറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനം, ടയര്‍, ട്യൂബ്. ലൂബ്രിക്കന്റ്‌സ് എന്നിവയിലുണ്ടായിക്കൊണ്ടിരിക്കുന്ന അമിതമായ വിലവര്‍ദ്ധനവ് തുടങ്ങിയവ ഈ വ്യവസായത്തിന്‍റെ നിലനില്പ് തന്നെ അപകടത്തിലായിരിക്കുകയാണ് എന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 65 ശതമാനത്തിലധികമാണ് ഇന്‍ഷൂറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ദ്ധനവ്. 2018 മാര്‍ച്ചില്‍ ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 64 രൂപ വിലയുണ്ടായിരുന്നത് ഇന്ന് 73 രൂപയോളം എത്തിയിരിക്കയാണ്. 2011 ല്‍ 34,000 ത്തോളം ഉണ്ടായിരുന്ന സ്വകാര്യബസുകള്‍ ഇന്ന് 12,500 ആയി കുറഞ്ഞിരിക്കയാണ്. അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

ഇതര യാത്രമാധ്യമങ്ങളായ സ്‌കൂട്ടര്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതുമൂലം ബസിലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഉള്ള യാത്രക്കാരില്‍ 60 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളുമാണ്. മുതിര്‍ന്ന യാത്രക്കാരുടെ നിരക്കിന്‍റെ 12 ശതമാനം മാത്രമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിവരുന്നത്. അതുപോലെ സ്വകാര്യബസുകള്‍ യഥേഷ്ടം സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന റൂട്ടുകളുടെ ഇടയിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി. യുടെ സര്‍വ്വീസ് കാരണം സ്വകാര്യമേഖലയും പൊതുമേഖലയും ഒരുപോലെ നശിക്കുന്ന സാഹചര്യമാണുള്ളത്.

ചിലവിനങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വരുമാനം വര്‍ദ്ധിക്കേണ്ടത് ഈ മേഖലയുടെ നിലനില്പിന് അനിവാര്യമാണ്.പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയില്‍ ഗതാഗതനയം രൂപീകരിക്കുക, വിദ്യാര്‍ത്ഥികളുടേതടക്കം ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, സ്വകാര്യബസുകളിലേത് പോലെ കെ.എസ്.ആര്‍.ടി.സി. യിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക. എന്നീ അടിയന്തിര ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ഫെഡറേഷന്‍റെ ആഹ്വാനപ്രകാരം 6-11-2019ന് ബുധനാഴ്ച രാവിലെ 10.30 മണിക്ക് വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്നും കലക്‌ട്രേറ്റ് വരെ നടത്തുന്ന പ്രകടനത്തിനും തുടര്‍ന്ന് ബി.സി. റോഡ് ജംഗ്ഷനില്‍ നടത്തുന്ന കൂട്ടധര്‍ണ്ണയ്ക്കും നവംബര്‍ 13-ാം തിയതി നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയ്ക്കും നവംബര്‍ 20ന് സംസ്ഥാന വ്യാപകമായി സര്‍വ്വീസ് നിര്‍ത്തി വെച്ച് നടത്തുന്ന സൂചനാസമരത്തിനും ബഹുജനങ്ങളുടെയും മാധ്യമലോകത്തിന്‍റെയും പരിപൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ. മുഹമ്മദ്കുഞ്ഞി, ജോ. സെക്രട്ടറി ശങ്കരനായക്, വൈസ് പ്രസിഡണ്ട് ഹസൈനാര്‍, ജോ. സെക്രട്ടറി ലക്ഷ്മണന്‍, ട്രഷറര്‍ പി.എ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

0Shares