ഷിഫ ഫാത്തിമയ്ക്കും പഠിക്കണം; എല്ലാ കുട്ടികളെയും പോലെ; അധികൃതർ മിഴിതുറന്നാൽ കിട്ടും വിദ്യാഭ്യാസ അവകാശം

  • Post category:news
  • Reading time:2 mins read
You are currently viewing ഷിഫ ഫാത്തിമയ്ക്കും പഠിക്കണം; എല്ലാ കുട്ടികളെയും പോലെ; അധികൃതർ മിഴിതുറന്നാൽ കിട്ടും വിദ്യാഭ്യാസ അവകാശം

പീതാംബരൻ കുറ്റിക്കോൽ

വയനാട്: ഇക്കഴിഞ്ഞ ഒരു മാസമായി ഈ വിദ്യാർത്ഥിനി സ്കൂളിൽ പോകുന്നില്ല. താൻ ഒരുപാട് സ്നേഹിക്കുന്ന വിദ്യാലയത്തിൽ പോകാനാകാത്തതിലുള്ള മനോവിഷമത്തിലാണ് ഈ വിദ്യാർത്ഥിനി. തേനീച്ച വളർത്തൽ വ്യവസായത്തെക്കുറിച്ച് മുതിർന്ന ഗവേഷണ വിദ്യാർത്ഥികൾക്കുവരെ ക്ലാസെടുത്ത് പ്രശസ്തയായ ഒലി അമൻ ജോധ എന്ന ഷിഫ ഫാത്തിമ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പഠിക്കുന്നത് വയനാട്, അമ്പലവയൽ ഗവ: ഹൈസ്കൂളിൽ.ഒലി അമനും കുറച്ച് സഹപാഠികളും ചേർന്ന് പാഠ്യേതര പ്രവർത്തനത്തിൻ്റെ ഭാഗമായി സ്കൂളിൽ ഉണ്ടാക്കിയ തേനീച്ചക്കൂടുകൾ ഇക്കഴിഞ്ഞ വെക്കേഷൻ കാലത്ത് ചില സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. കുട്ടികളുടെ തേനീച്ച കൃഷിയോട് എതിർപ്പുള്ള ചില അധ്യാപകരാണ് ഇതിന്‌ പിന്നിൽ എന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും മറ്റും പരാതി അയച്ചു. സ്കൂളിലെ മറ്റു ചില അധ്യാപകർക്കെതിരെയും ഷിഫാ പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ നാല് അധ്യാപകരെ വിദ്യാഭ്യാസവകുപ്പ് സ്ഥലം മാറ്റുകയും ചെയ്തു. സ്ഥലം മാറ്റിയ അധ്യാപകരായ അബ്ദുൽ വാഹിദ്, അസ്‌മാബി, കൊച്ചുറാണി വർഗീസ്, പ്രഭിത എന്നിവർ ഹൈകോടതിയിൽ നിന്നും അനുകൂലവിധി നേടുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്ഥലം മാറ്റ ദൂരപരിധിയിൽ തെറ്റായ സത്യവാങ്മൂലം നൽകി ഹൈകോടതിയെ തെറ്റിധരിപ്പിച്ചാണ്‌ അനുകൂല വിധി നേടിയതെന്നും ആക്ഷേപമുണ്ട്.തുടർന്ന് സ്ഥലം മാറ്റിയ അധ്യാപകരെ അമ്പലവയൽ ഗവ; സ്കൂളിൽ തന്നെ നിയമിക്കുകയായിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ അധ്യാപകർ കുട്ടിയെ സ്കൂൾ മുറിയിലിട്ട് പൂട്ടുകയും ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തതായും പരാതിയുണ്ട്. മാനസികമായി (physiological harassment) തകർക്കുന്ന രീതിയിൽ അധ്യാപകർ നിരന്തരം പെരുമാറുകയും അതിനാൽ ഭയന്ന് ഷിഫയ്ക്ക് സ്കൂളിൽ പോകാനാകാത്ത സ്ഥിതിയാണിപ്പോൾ. ജൂൺ മാസത്തിൽ ആകെ മൂന്ന് ദിവസമാണ് ഷിഫയ്ക്ക് സ്കൂളിൽ ഹാജരാകാൻ കഴിഞ്ഞത്. തൻ്റെ മകളെ ചില അധ്യാപകർ ഭയപ്പെട്ടുത്തുന്നുവെന്നും സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ജൂൺ 18 ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടർക്കും ഷിഫയുടെ മാതാവ് വീണ്ടും പരാതി നൽകിയിട്ടുണ്ട്.സാംസ്കാരിക പ്രവർത്തകരും സന്നദ്ധതപ്രവർത്തകരും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ നടപടികൾ ഉണ്ടാകണമെന്നുമാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയാതായി സാമൂഹ്യപ്രവർത്തകനും കവിയുമായ ജിത്തു തമ്പുരാൻ ചാനൽ ആർ.ബിയോട് പറഞ്ഞു. സംസ്ഥാന ബാലാവകാശകമ്മീഷനും മനുഷ്യാവകാശകമ്മീഷനും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് പോലീസ് മേധാവി, വിദ്യാഭ്യാസ വകുപ്പ് മേധാവി, രാഷ്ട്രീയ- സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ ഇടപെടണമെന്നും ജിത്തു തമ്പുരാൻ ആവശ്യപ്പെട്ടു. വയനാട് ചൈൽഡ് ലൈൻ പ്രവർത്തകർ ഇക്കാര്യത്തിൽ ആദ്യം മുതൽക്കേ കണ്ണടക്കുകയായിരുന്നുവെന്നും ആക്ഷേപമുയുയർന്നിട്ടുണ്ട്.സ്കൂളിൻ്റെ നല്ല നടത്തിപ്പിനായി ജൂലായ് 9 ന് തിങ്കളാഴ്ച്ച അടിയന്തിര പി.ടി.എ യോഗം ചേരും. ഷിഫയ്ക്ക് വേണ്ടി വിദ്യാഭ്യാസ ഓഫിസിൽ ചെന്ന് വീണ്ടും കാര്യങ്ങൾ ബോധിപ്പിക്കുമെന്നും നടപടികളുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും പി.ടി.എ പ്രസിഡന്റ് അബ്ദുൽ റഷീദ് പറഞ്ഞു.

0Shares