ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു. നവംബര്‍ 13 നാണ് പരിഗണിക്കുക. യുവതി പ്രവേശനത്തിന് എതിരായ മൂന്നു റിട്ടുകളാണ് കോടതി പരിഗണിക്കുന്നത്. അതേസമയം പുതിയ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കില്ല. എല്ലാ ഹര്‍ജികളും തുറന്ന കോടതിയിലാണ് പരിഗണിക്കുക. അതേസമയം നേരത്തേ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ തിരുത്തണമെങ്കില്‍ കേസ് ഇനി ഏഴംഗ ഭരണഘടനാബെഞ്ചിലേക്ക് മാറ്റേണ്ടി വരും. കുറഞ്ഞത്, പ്രാഥമികമായി കേസ് പരിഗണിക്കേണ്ട മൂന്നംഗ ബെഞ്ചിന്റെ കാര്യത്തിലെങ്കിലും ആദ്യം കോടതി തീരുമാനം അറിയിക്കുമെന്നാണ് സൂചന. 
അയ്യപ്പഭക്തരുടെ മൗലികാവകാശം സംരക്ഷിക്കാത്തതാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധര്‍മ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ 19 പുനപരിശോധനാ ഹര്‍ജികളും വിധിക്കെതിരായി ഇതിനോടകം വന്നിട്ടുണ്ട്. വൃശ്ചികം ഒന്നിന് നട തുറക്കുന്നതിന്റെ മുന്നോടിയായാണ് റിട്ടുകള്‍ പരിഗണിക്കുക. പുന പരിശോധനാ ഹര്‍ജികളും അന്നു തന്നെ പരിഗണിക്കും.