വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണം: 18 ന് ബസുടമകള്‍ സൂചനാ സമരം നടത്തും

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണം: 18 ന് ബസുടമകള്‍ സൂചനാ സമരം നടത്തും

കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും പെര്‍മിറ്റ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് 18 ന് സൂചനാ ബസ് സമരം നടത്തുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷന്‍ ബാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയ ശേഷം വിഷയം പഠിച്ച് ചര്‍ച്ചയ്ക്ക് വിളിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാളിതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ബസുടമകളുടെ പരാതി. സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ ഡീസല്‍ ലിറ്ററിന് 56 രൂപ 12 പൈസയാണ്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 61 രൂപയലധികമാണ്. അഞ്ച് രൂപയുടെ വ്യത്യാസമാണ് ഒരു ലിറ്റര്‍ ഡീസലിന് വരുന്നത്. ജി.എസ്.ടി വന്നതിന് ശേഷം കര്‍ണാടക സര്‍ക്കാര്‍ നികുതി ഇളവ് അനുവദിച്ചതാണ് വില കുറയാന്‍ കാരണം.

മാഹിയെകാള്‍ വിലക്കുറവാണ് ഇപ്പോള്‍ കര്‍ണാടക അതിര്‍ത്തിയിലുള്ളത്. വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഉടമകള്‍ പറയുന്നു.
പണി മുടക്കിന്റെ മുന്നോടിയായി 14 ന് കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന ധര്‍ണ ജില്ലാ പഞ്ചായത്ത് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, പി മുഹമ്മദ് കുഞ്ഞി, ശങ്കരനായക്, എന്‍ എം ഹസൈനാര്‍, സി.എ മുഹമ്മദ്കുഞ്ഞി സംബന്ധിച്ചു.

 

0Shares