
സ്കൂൾ വിദ്യാഭ്യാസത്തിൽ രാജ്യത്തെ ഒന്നാം സ്ഥാനം നേടിയ കേരളത്തെ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സ്റ്റാർസ് (സ്ട്രങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൽട്‌സ് ഫോർ സ്റ്റേറ്റ്‌സ്) പദ്ധതിയിൽ സംസ്ഥാനത്തെയും ഉൾപ്പെടുത്തി. ആറുവർഷത്തിനിടെ 500 കോടി രൂപ സാമ്പത്തിക സഹായം ഇതുവഴി കേരളത്തിന് കിട്ടും.സ്കൂൾ വിദ്യാഭ്യാസത്തെ എല്ലാത്തലത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം.
മാനവവിഭവശേഷി മന്ത്രാലയം നടത്തിയ സ്കൂൾവിദ്യാഭ്യാസ സർവേയിൽ അക്കാദമിക-അടിസ്ഥാനസൗകര്യ-ഭരണസംവിധാന ഗുണനിലവാര സൂചികയിൽ കേരളത്തിനായിരുന്നു ഒന്നാംസ്ഥാനം. ആയിരത്തിൽ 826 പോയന്റ് നേടിയ മികവ് പദ്ധതിയിൽ ഉൾപ്പെടാൻ കേരളത്തെ സഹായിച്ചു. പട്ടിക ലോകബാങ്കും അംഗീകരിച്ചു.കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പദ്ധതിയിൽ കേരളത്തിനുപുറമേ ഹിമാചൽപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളാണുള്ളത്.
സ്കൂൾ വിദ്യഭ്യാസരംഗത്ത് രാജ്യത്ത് ഒന്നാമതെന്ന നിലയിലാണ് കേരളത്തെ ഉൾപ്പെടുത്തിയത്. ഹിമാചൽ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങൾക്കും വിദ്യാഭ്യാസരംഗത്തെ മികവ് തുണയായി. മറ്റ് മൂന്ന് സംസ്ഥാനങ്ങളെ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് ഉൾപ്പെടുത്തിയത്. 2021-ലെ പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്‌മെന്റ് (പിസ) പരീക്ഷയ്ക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിന് ലോകബാങ്കിന്‍റെ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനുമായി കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടിരുന്നു. ഇതുപ്രകാരമാണ് ലോകബാങ്ക് സഹായം നൽകുന്നത്.

സമഗ്രശിക്ഷാ അഭിയാൻ സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാനതല ഏജൻസി. അക്കാദമിക് കാര്യത്തിൽ ജില്ലകളിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നേതൃത്വംനൽകും. ജില്ലാതല വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷൻ കളക്ടറായിരിക്കും. എസ്.സി.ഇ.ആർ.ടി., സീമാറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് അധ്യാപനം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക. പരിശീലനത്തിന് ബി.ആർ.സി.ക്ക് പുറമേ ഉപജില്ലാതലത്തിൽ ക്ലസ്റ്റർ റിസോഴ്‌സ് സെന്ററുമുണ്ടാകും.
എൻ.സി.ഇ.ആർ.ടി. അടക്കമുള്ള ദേശീയ വിദ്യാഭ്യാസ ഏജൻസികൾ പദ്ധതിക്കുള്ള സാങ്കേതിക-അക്കാദമിക സഹായം നൽകും. ആകെ 5425 കോടി രൂപയുടെതാണ് പദ്ധതി. ഇതിൽ 3500 കോടി രൂപ ലോകബാങ്ക് നൽകും. മൊത്തം പദ്ധതിച്ചെലവിന്‍റെ 60 ശതമാനമാണ് ലോകബാങ്കിൽനിന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുക. ഹിമാചൽപ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങൾക്ക് 500 കോടി രൂപ വീതം കിട്ടും. പർവതപ്രദേശമെന്ന നിലയിൽ ഹിമാചൽപ്രദേശിന് പദ്ധതിച്ചെലവിന്‍റെ 90 ശതമാനം തുകയും നൽകും.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
* സാമൂഹികമായും ലിംഗപരമായും വിദ്യാഭ്യാസത്തിൽ തുല്യത നടപ്പാക്കുക
* പ്രി-സ്കൂൾ ഫലപ്രദമാക്കുക
* പഠനനിലവാരം വിലയിരുത്തുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുക
* അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തൽ
* പഠനന്യൂനത പരിഹരിക്കാനുള്ള സംവിധാനം
* കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കി കുട്ടികൾ ഹയർ സെക്കൻഡറിവരെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കൽ
* വിദ്യാഭ്യാസ സേവനഗുണനിലവാരം വികേന്ദ്രീകൃത ഭരണത്തിലൂടെ മെച്ചപ്പെടുത്തും
