വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനം മഹനീയം: കെ. കുഞ്ഞിരാമന്‍ എം.എല്‍.എ

  • Post category:news
  • Reading time:2 mins read
You are currently viewing വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനം മഹനീയം: കെ. കുഞ്ഞിരാമന്‍ എം.എല്‍.എ

കാസര്‍കോട്: വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനം മഹനീയമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗം പുരോഗതിയുടെ പാതയിലാണെന്നും കെ.കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. ബന്തടുക്ക ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാതല പ്രവേശനോത്സവവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്തുള്ള പുരോഗതി നാടിന്‍റെ വികസനത്തിന് വഴിയൊരുക്കുമെന്ന വിശ്വാസത്തോടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി പൊതുവിദ്യാലയങ്ങളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണു സര്‍ക്കാര്‍ ചെയ്തത്. യജ്ഞത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ്‌റൂമുകള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കി മാറ്റി. പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചു. നിരവധി ലാപ്‌ടോപ്പുകള്‍ സംഭാവന ചെയ്തു. ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നമ്മുടെ കുട്ടികള്‍ അഖിലേന്ത്യ പരീക്ഷകളിലും സിവില്‍ സര്‍വ്വീസ് പരീക്ഷകളിലും മറ്റെല്ലാ തലത്തിലും മികച്ച നിലവാരം കാഴ്ചവക്കാന്‍ സഹായകമാകും. വിദ്യാലയ മികവിനും ഉന്നമനത്തിനും അധ്യാപകരും പി.ടി.എ യും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സ്‌കൂളിന്‍റെ പേരും പെരുമയും കാത്തുസൂക്ഷിക്കാന്‍ ഇനിയും ഒത്തൊരുമിച്ചു മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഘോഷമായി ഉപജില്ലാ പ്രവേശനോത്സവങ്ങള്‍

അറിവിന്‍റെ ആദ്യാക്ഷരമുറ്റത്തേക്കു പടികടന്നെത്തിയ വിദ്യാര്‍ഥികളെ വിപുലമായ പരിപാടികളോടെയാണു വിവിധ സ്‌കൂളുകളില്‍ വരവേറ്റത്.

ചിറ്റാരിക്കല്‍ ഉപജില്ലാ പ്രവേശനോത്സവം കുമ്പളപ്പള്ളി എസ്‌കെജിഎംയില്‍ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം. സിന്ധു ഉദ്ഘാടനം ചെയ്തു.ചെറുവത്തൂര്‍ ഉപജില്ലാ പ്രവേശനോത്സവം ചെറിയാക്കര ജി.എല്‍.പി.എസില്‍ എം.രാജഗോപാലന്‍ എം.എല്‍.എയും ഹൊസ്ദുര്‍ഗ് ഉപജില്ലാ പ്രവേശനോത്സവം പടന്നക്കാട് ജി. എല്‍. പി. എസില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശനും ഉദ്ഘാടനം ചെയ്തു.

ബേക്കല്‍ ഉപജില്ല പ്രവേശനോത്സവം തിരുവക്കോളി ജി. എല്‍. പി. എസില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരിയും കുമ്പള ഉപജില്ലയുടേത് കുമ്പള ജി. എല്‍. പി. എസില്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ. എല്‍ പുണ്ഡരീകാക്ഷ മഞ്ചേശ്വരം ഉപജില്ലാ പ്രവേശനോത്സവം പെര്‍മുഡ ബി. ടി. സി. എല്‍. പി. എസില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. എം അഷറഫ് ഉദ്ഘാടനം ചെയ്തു.

കുരുന്നുകള്‍ക്ക് ആദ്യദിനത്തിലെ പരിഭ്രമവും പേടിയും അകറ്റാനായി അധ്യാപകരുടെയും സ്‌കൂള്‍ പി. ടി. എ യുടെയും നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികളാണ് ഓരോ സ്‌കൂളുകളിലും സംഘടിപ്പിച്ചത്. പലയിടങ്ങളിലും വാദ്യമേളങ്ങളോടെയാണു വിദ്യാര്‍ഥികളെ സ്വീകരിച്ചത്. താളക്കൊഴുപ്പിനൊപ്പം മധുരപ്പലഹാരങ്ങളും സ്‌കൂള്‍ യൂണിഫോമും പുസ്തകങ്ങളും കിറ്റുകളും കുരുന്നുകള്‍ക്ക് വിതരണം ചെയ്തു.

0Shares