കാസര്‍കോട്: കേന്ദ്ര- കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കും നയങ്ങള്‍ക്കും എതിരെ ജനമനസ്സാക്ഷി ഉണര്‍ത്താന്‍ ‘അരിയില്ല, പണമില്ല, പണിയില്ല, വെള്ളവുമില്ല’ എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന് നയിക്കുന്ന ഉത്തര മേഖലാ ജാഥക്ക് കാസര്‍കോട്ട് തുടക്കമായി. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര മേഖലാ ജാഥയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായിനഗരത്തില് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത കൂറ്റന്‍ പ്രകടനം നടന്നു.

ഉദ്ഘാടന ചടങ്ങിനുശേഷം ഉപ്പളയില്‍ ജാഥക്ക് സ്വീകരണം നല്കി. ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് ഉദുമ, രണ്ട് മണിക്ക് വെള്ളരിക്കുണ്ട്, അഞ്ചു മണിക്ക് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 15ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. തുടര്‍ന്ന് വയനാട് ജില്ലയിലും ജാഥ പര്യടനം നടത്തും. എം.എം ഹസനോടൊപ്പം വൈസ് ക്യാപ്റ്റനായി സി.എം.പി നേതാവ് സി.എ അജീര്‍, അംഗങ്ങളായി ഘടകകക്ഷി നേതാക്കളായ പി.കെ. ഫിറോസ്, സുരേഷ് ബാബു, മുന്‍ മന്ത്രി കെ.പി മോഹനന്, ടി. ശരത്ചന്ദ്ര പ്രസാദ്, കെ.എ ഫിലിപ്പ്, സി.പി വിജയന്, കോ-ഓര്‍ഡിനേറ്ററായി കെ.പി.സി.സി സെക്രട്ടറി വി.എ നാരായണന് എന്നിവരും ജാഥ നയിക്കും.