മുഖംപോലും ബാക്കിയാക്കാതെ എന്‍റെ ഏട്ടന്‍മാരെ അറുംകൊല ചെയ്തിട്ടും മതിയായില്ലേ അങ്ങയുടെ പാര്‍ട്ടിക്കാര്‍ക്ക്? കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷിന്‍റെ അനുജത്തി മുഖ്യമന്ത്രിക്കെഴുതിയ കത്ത്

  • Post category:news
  • Reading time:2 mins read
You are currently viewing മുഖംപോലും ബാക്കിയാക്കാതെ എന്‍റെ ഏട്ടന്‍മാരെ അറുംകൊല ചെയ്തിട്ടും മതിയായില്ലേ അങ്ങയുടെ പാര്‍ട്ടിക്കാര്‍ക്ക്? കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷിന്‍റെ അനുജത്തി മുഖ്യമന്ത്രിക്കെഴുതിയ കത്ത്

മുഖംപോലും ബാക്കിയാക്കാതെ എന്‍റെ ഏട്ടന്‍മാരെ അറുംകൊല ചെയ്തിട്ടും മതിയായില്ലേ അങ്ങയുടെ പാര്‍ട്ടിക്കാര്‍ക്ക് ചോദിക്കുന്നത് കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനോട്. ചോദിക്കുന്നയാള്‍ കാസര്‍കോട് പെരിയയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട കൃപേഷിന്‍റെ അനുജത്തി. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് കൃഷ്ണപ്രിയയുടെ ചോദ്യം.

ഏട്ടന്‍ ആരെയെങ്കിലും ഉപദ്രവിച്ചതായോ വേദനിപ്പിച്ചതായോ ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തതിന്‍റെ പേരില്‍ ഒരു പരാതിയും ആര്‍ക്കും എട്ടന്‍റെ പേരില്‍ മരണം വരെ ഉണ്ടായിരുന്നില്ല. കൃഷ്ണപ്രിയ കത്തില്‍ പറയുന്നു. ഒരു കമ്യൂണിസ്റ്റുകാരന്‍റെ മകനായിരുന്നു കൃപേഷെന്ന് ആ പെണ്‍കുട്ടി മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നുണ്ട്. അതോടൊപ്പം മുഖ്യമന്ത്രി തങ്ങളെ കാണാന്‍ വരാത്തതിലുള്ള പ്രതിഷേധവും കൃഷ്ണപ്രിയ കത്തില്‍ തുറന്നു കാട്ടുന്നു.

കത്തിന്‍റെ പൂര്‍ണരൂപം:

ഞാന്‍ കൃഷ്ണപ്രിയ, കൃപേഷിന്‍റെ അനുജത്തിയാണ്. ഏട്ടന്‍ പോയശേഷം അങ്ങേക്ക് എഴുതണമെന്ന് കുറേ നാളായി വിചാരിക്കുന്നു. ഏട്ടന്‍റെയും ശരത്തേട്ടന്‍റെയും മരണശേഷവും അവരെ ദുര്‍നടപ്പുകാരും ഗുണ്ടകളുമായി ചിത്രീകരിക്കുന്ന അങ്ങയുടെ പാര്‍ട്ടിക്കാരുടെ ക്രൂരത എന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നു. ഏട്ടന്‍ ആരെയെങ്കിലും ഉപദ്രവിച്ചതായോ വേദനിപ്പിച്ചതായോ ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തതിന്‍റെ പേരില്‍ ഒരു പരാതിയും ആര്‍ക്കും എട്ടന്‍റെ പേരില്‍ മരണം വരെ ഉണ്ടായിരുന്നില്ല. എന്നിട്ടും മുഖം പോലും ബാക്കിവയ്ക്കാതെ എന്‍റെ കൂടപ്പിറപ്പിനെ അറുംകൊല ചെയ്തു.

അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും അടങ്ങിയതായിരുന്നു എന്‍റെ കുടുംബം. വീടും കിടപ്പാടവും ഇല്ലാതെ പട്ടിണിയും ദുരിതവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം. എന്‍റെ അച്ഛന്‍ അങ്ങയുടെ പാര്‍ട്ടിക്കാരനായിരുന്നു. സാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം കൈനിറയെ മധുരവുമായിട്ടാണ് അച്ഛന്‍ വീട്ടിലേക്ക് വന്നത്. ജീവിതത്തില്‍ അച്ഛന്‍ ചെയ്ത വോട്ടെല്ലാം അരിവാള്‍ ചുറ്റിക നക്ഷത്രത്തിനായിരുന്നു. കല്യോട്ട് കോണ്‍ഗ്രസുകാരുടെ നടുവിലാണ് 18 വര്‍ഷം അച്ഛന്‍ ജീവിച്ചത്.

നാട്ടിലെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം അച്ഛന്‍ കമ്യൂണിസ്റ്റുകാരനാണെന്ന് അറിയാമായിരുന്നു. അവരാരും പാര്‍ട്ടി മാറണമെന്ന് അച്ഛനോടു പറഞ്ഞിട്ടില്ല. വോട്ടുചെയ്യുന്നത് തടഞ്ഞിട്ടില്ല. കൊല്ലാനോ തല്ലാനോ വന്നിട്ടില്ലെന്നുമാത്രമല്ല, ഒരു വാക്കോ നോക്കോ കൊണ്ടുപോലും അവരാരും ഞങ്ങളെ വേദനിപ്പിച്ചിട്ടില്ല. ഏട്ടന്‍ പോയ ശേഷം അങ്ങ് ഈ വഴിപോയ ദിവസം അച്ഛന്‍ വലിയ പ്രതീക്ഷയിലായിരുന്നു. ആശ്വസിപ്പിക്കാന്‍ അങ്ങ് വീട്ടിലേക്ക് വരുമെന്ന് കരുതി. വരാതിരുന്നപ്പോള്‍ തിരക്കുകാരണമായിരിക്കും വരാത്തതെന്ന് പറഞ്ഞ് അന്നും അച്ഛന്‍ കരഞ്ഞു. ഏട്ടന്‍റെ കൂട്ടുകാരനായിരുന്നു ശരത്തേട്ടന്‍.

ഇനി ഈ ജന്മം മുഴുവന്‍ കണ്ണീരുകുടിച്ച് ജീവിക്കാനാണ് ഞങ്ങളുടെ വിധി. ഞങ്ങള്‍ക്ക്നഷ്ടമായത് തിരിച്ചുതരുവാന്‍ ദൈവത്തിനുപോലും സാധിക്കില്ലെന്നറിയാം. എന്നാലും ഇനിയും ഒരമ്മയുടെയും കണ്ണീര്‍ ഈ മണ്ണില്‍ വീഴാതിരിക്കാന്‍ ഒരേട്ടന്‍റെയും ചോരകൊണ്ട് ഈ മണ്ണ് ചുവക്കാതിരിക്കാന്‍ അങ്ങ് ആത്മാര്‍ഥമായി വിചാരിച്ചാല്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. ഏട്ടനെയും ശരത്തേട്ടനെയും എന്തിനാണ് ഞങ്ങളില്‍നിന്ന് പറിച്ചുമാറ്റിയതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അവരെ ഇല്ലാതാക്കിയവരില്‍ പലരെയും പോലീസ് പിടിക്കാത്തത് എന്തുകൊണ്ടാണെന്നും അറിയില്ല.
എന്ന് സ്‌നേഹപൂര്‍വം,
കൃഷ്ണപ്രിയ

0Shares