മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ പ്രതിഷേധം തുടരുന്നു; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സങ്കടഹര്‍ജി നല്‍കാന്‍ താമസക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ പ്രതിഷേധം തുടരുന്നു; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സങ്കടഹര്‍ജി നല്‍കാന്‍ താമസക്കാര്‍

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ പ്രതിഷേധം തുടരുന്നു. ഇതിന്‍റെ ഭാഗമായി രാഷ്ട്രപതിക്ക് താമസക്കാർ സങ്കട ഹര്‍ജി നൽകും. രാഷ്ട്രപതിയെ കൂടാതെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ആണ് ഹര്‍ജി നൽകുക. കേരളാ ഗവർണർക്കും പ്രതിപക്ഷ നേതാവിനും 140 എം.എൽ.എമാർക്കും ഇമെയില്‍ വഴി ഹര്‍ജി അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഫ്ലാറ്റിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത് ശരിയല്ലെന്നും തങ്ങളുടെ വാദം സുപ്രീംകോടതി കേട്ടില്ലെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടും. അനുകൂല സമീപനം അധികാരികൾ സ്വീകരിക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടും. അതോടൊപ്പം, സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റിൽ നിന്ന് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി മരട് നഗരസഭ നൽകിയ നോട്ടീസിനെതിരെ ഉടമകൾ ഹൈകോടതിയിൽ റിട്ട് ഹര്‍ജി നൽകും.

ഫ്ലാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരെ ഉടമകൾ നൽകിയ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. തിരുത്തൽ ഹര്‍ജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാർ പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്.

അതിനിടെ, ഒഴിപ്പിക്കൽ നടപടിക്കെതിരെ ശനിയാഴ്ച മരട് നഗരസഭക്ക് മുമ്പിൽ താമസക്കാർ ധർണ നടത്തും. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിനോട് നിയമോപദേശം തേടി. കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍നിന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായതിന് പിന്നാലെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

നേരത്തെ സംസ്ഥാന കേഡറിലെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും സാധ്യമായിരുന്നില്ല. തുടര്‍ന്ന് അഭിഭാഷകലതലത്തിലുള്ള സംഘമാണ് സോളിസിറ്റര്‍ ജനറലില്‍നിന്ന് നിയമോപദേശം തേടിയത്.

സെപ്റ്റംബര്‍ 20-ന് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും സുപ്രീംകോടതിയെ അറിയിക്കാനാണ് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ ഉപദേശം. ഇതനുസരിച്ചാണ് നേരത്തെ ചീഫ് സെക്രട്ടറി കൊച്ചിയിലെത്തി ഫ്‌ളാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്.

0Shares