മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നത് തികച്ചും പ്രാകൃതമായ ആചാരം; അംഗീകരിക്കാന്‍ ആവില്ല; ഇത് കേരളത്തിനാകെ അപമാനവും അപകടകരവും: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നത് തികച്ചും പ്രാകൃതമായ ആചാരം; അംഗീകരിക്കാന്‍ ആവില്ല; ഇത് കേരളത്തിനാകെ അപമാനവും അപകടകരവും: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നത് തികച്ചും പ്രാകൃതമായ ആചാരമാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത്തരം നീക്കങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. ഇത് കേരളത്തിനാകെ അപമാനവും അപകടകരവുമാണ്.

സിറിഞ്ച് വഴി പലരുടേയും രക്തം സ്വീകരിച്ച്‌ ആ രക്തംകൊണ്ട് കാളിവിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്രകമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ ഉള്ളത്. മാധ്യമങ്ങള്‍ ഇത് പുറത്തുകൊണ്ടുവന്നിരുന്നു. നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തിലാണ് അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാന്‍ നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും കടകംപള്ളി ഫേസ്ബുക്ക് പേജില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കാനാകുന്നതല്ല. തികച്ചും പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണ്.

സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച്‌ ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് പോര്‍ട്ടല്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്ട്ട് ചെയ്തിട്ടുമുണ്ട്. നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തിലാണ് അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രാകൃതമായ അനാചാരങ്ങള്‍ മടക്കി കൊണ്ടുവരാനുളള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുത്തേ മതിയാകൂ. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഗീയ സംഘടനയുടെ പിന്തുണ ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ ഇത്തരം അനാചാരങ്ങള്‍ക്കും പ്രാകൃത അനുഷ്ഠാനങ്ങള്‍ക്കും എതിരെ രംഗത്തു വരണം. പ്രസ്തുത ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന പരാതിയുമുണ്ട്.”

0Shares