കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയില്‍ മദ്രസ അധ്യാപകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുടക് സ്വദേശിയായ റിയാസിനെയാണ് പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. പള്ളിയോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് അടുത്ത മുറിയില്‍ താമസിക്കുന്ന പള്ളി ഖത്തീബ് അബ്ദുള്‍ അസീസ് മുസ്ലിയാരാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. ചില ശബ്ദങ്ങള്‍ കേട്ട് പുറത്ത് വന്നപ്പോള്‍ കല്ലേറുണ്ടായെന്നും. പേടിച്ച് അകത്ത് കയറി മൈക്കിലൂടെ പള്ളി ആക്രമിക്കുന്ന കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന റിയാസിനെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദഗ്ദ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്. ആസൂത്രിതമായ കൊലയാണിതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത ശക്തികളെ കണ്ടെത്തി മാതൃകാ പരമായി ശിക്ഷിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. മദ്രസ അധ്യാപകന്റെ കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ വൈകീട്ട് ആറു വരെ മുസ്ലീം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
