മംഗളൂരുവില്‍ ആറുവയസുകാരന്‍ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരുവില്‍ ആറുവയസുകാരന്‍ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു

മംഗളൂരു: കടയില്‍ നിന്ന് മിഠായി വാങ്ങി കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെ ആറുവയസുകാരന്‍ തീവണ്ടിയിടിച്ച് ദാരുണമായി മരിച്ചു. അന്‍വറിന്റെയും ഷമീമയുടെയും മകന്‍ മുഹമ്മദ് ഹുസൈന്‍ ഹാഫില്‍ ആണ് മരിച്ചത്. ജെപ്പു മഹാകാളിപ്പടപ്പ് റെയില്‍വെ ഗേറ്റിന് സമീപം പാളം മുറിച്ചു കടക്കവെ പാഞ്ഞുവന്ന എക്സ്പ്രസ് തീവണ്ടി ഇടിക്കുകയായിരുന്നു. ജെപ്പു സെന്റ് റീറ്റ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ത്ഥിയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് മൂന്നരയോടെ മിഠായി വാങ്ങാന്‍ അയല്‍വാസികളായ കൂട്ടുകാരോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.സഹോദരന്‍ നാല് വയസുള്ള ജുനൈദും കൂടെയുണ്ടായിരുന്നു. വീടിന് തൊട്ടടുത്ത കട അടച്ചിരുന്നതിനാല്‍ പാളം മുറിച്ചുകടന്ന് മറ്റൊരു കടയിലേക്ക് പോവുകയായിരുന്നു. സഹോദരനും കൂട്ടുകാരും പാളം മുറിച്ച് മറുഭാഗത്തെത്തിയെങ്കിലും പിറകിലായിരുന്ന ഹാഫില്‍ തീവണ്ടി പാഞ്ഞുവരുന്നതറിയാതെ പാളത്തിലൂടെ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. തീവണ്ടക്കടിയില്‍ കുടുങ്ങി 80 മീറ്ററോളം കുട്ടിയെ വലിച്ചുകൊണ്ടുപോയി. ചക്രങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന കുട്ടി ദാരുണമായി മരിച്ചു. സൗദിയിലുളള പിതാവ് അന്‍വര്‍ അടുത്തമാസം നാട്ടില്‍ വരാനിരിക്കയാണ് മരണം.

 

0Shares