
കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിലൂടെ ഭരണഘടന കാറ്റിൽപറത്തി പൗരാവകാശങ്ങൾ ഒന്നൊന്നായി മോദിസർക്കാർ കവർന്നെടുക്കുകയാണെന്നും വിദ്യാർത്ഥികൾ ഇതുവരെ കാണാത്തവിധം സമരരംഗത്താണ് എന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാസര്‍കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പൗരത്വ ഭേദഗതി ബില്ലിനെതിരേ കാഞ്ഞങ്ങാട് ആർ.ഡി.ഒ. ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ നടക്കുന്ന സമരത്തെ ഹിന്ദു മുസ്ലിം പ്രശ്നമായല്ല, മറിച്ച് ഭരണഘടന ഉറപ്പു നൽകിയ പൗരാവകാശങ്ങളും രാജ്യത്തിന്റെ മതേതര നിലപാടും അട്ടിമറിക്കാനുള്ള നീക്കമായാണ് കോൺഗ്രസ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത് ആപത്കരമായ സാഹചര്യത്തിലൂടെയാണ്.
കഴിഞ ദിവസം മംഗളൂരുവിൽ വാർത്ത ശേഖരിക്കാനായെത്തിയ മാധ്യമപ്രവർത്തകരെ കൽത്തുറങ്കിലടച്ചു. ഇതുതന്നെയാണ് രാജ്യത്തെ പൊതു സ്ഥിതി. ഡിജിറ്റൽ ഇന്ത്യയുടെ പിതൃത്വം ഏറ്റെടുക്കുന്ന ബി.ജെ.പി. രാജ്യത്ത് ഇന്റർനെറ്റ് തുടങ്ങിയ കമ്യൂണിക്കേഷൻ സൗകര്യങ്ങൾ നിഷേധിക്കുകയാണ് -മുല്ലപ്പള്ളി പറഞ്ഞു.
കാസര്‍കോട്ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, കെപി.സി.സി. സെക്രട്ടറി കെ. നീലകണ്ഠൻ, പി.കെ.ഫൈസൽ, അഡ്വ. കെ.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
