
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളത്തിലെ മണ്ഡലങ്ങളായ പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്, എം.ടി രമേശ് എന്നിവര്‍ പത്തനംതിട്ട സീറ്റ് ലക്ഷ്യം വച്ചുള്ള കരുനീക്കങ്ങളിലാണ്.

അതേസമയം, ബി.ഡി.ജെ.എസിന്റെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ സുരേന്ദ്രന് തൃശൂരും കിട്ടാത്ത സാഹചര്യമുണ്ടാകും. പാലക്കാട് സീറ്റിലേക്ക് ശോഭാസുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും സി. കൃഷ്ണകുമാറിനെയാണ് മുരളീധരവിഭാഗത്തിന് താല്പര്യം. ഈ തര്‍ക്കങ്ങളില്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്ത് നിലപാടെടുക്കുന്നു എന്നത് നിര്‍ണായകമാണ്.
ബി.ജെ.പിയുടെ ദേശീയ തലത്തിലെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന ദേശീയ തെരഞ്ഞെടുപ്പ് സമിതി പട്ടികയ്ക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിലെ 100 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഈ കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരും പട്ടികയിലുണ്ടാകും. മോഡി വാരാണസിയിലാകും മത്സരിക്കുക. അതേസമയം ഭരണവിരുദ്ധവികാരം ഒഴിവാക്കാനായി, ചില സിറ്റിംഗ് എം.പിമാര്‍ക്ക് പകരം പുതുമുഖങ്ങളെ പരീക്ഷിക്കാനും സാധ്യതയുണ്ട്.
