
കണ്ണൂര്‍: കോണ്‍ഗ്രസ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സുന്ദരിയാണ് അടുത്തെവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്നും കണ്ണൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി. കെ പത്മനാഭന്‍. അവര്‍ യുവ.സുന്ദരിയാണെന്നത് സത്യമാണ്. അവരെ കാണാന്‍ പൊതുവേ തരക്കേടില്ലെന്നും കാണാന്‍ പോകുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. സൗന്ദര്യത്തിലൊക്കെ ആവേശം പൂണ്ട് ആകൃഷ്ടരായി ആളുകള്‍ അവരുടെ പുറകേ പോകുന്നതിലും തെറ്റില്ല. എന്നാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രിയങ്കാ ഗാന്ധിക്ക് സൗന്ദര്യമുണ്ടെന്ന് പറയുന്നതില്‍ സ്ത്രീ വിരുദ്ധത കാണേണ്ടതില്ല. പക്ഷേ തെരഞ്ഞെടുപ്പ് സൗന്ദര്യമത്സരമല്ലെന്നും യുവത്വം മനസിലാണ് വേണ്ടതെന്നും സി. കെ പത്മനാഭന്‍ പറഞ്ഞു. തന്നെ ഇപ്പോഴും സുഹൃത്തുക്കള്‍ സ്വീറ്റ് 70 എന്നാണ് വിളിക്കുന്നത്. അതായത് പ്രായമല്ല യുവത്വത്തിന്‍റെ മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ വന്നാല്‍ താന്‍ കാണാന്‍ പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 48 വയസ്സുള്ള പ്രിയങ്ക ഗാന്ധിയെ യുവ സുന്ദരി എന്ന് വിളിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരന്‍പിള്ള പരിഹസിച്ചിരുന്നു.
