കാസര്‍കോട്: അധ്യാപകരായ ഗുരുനാഥന്മാരുടെ വിരമിക്കല്‍ ചടങ്ങിനായി ശിഷ്യര്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കുന്നത് പതിവാണ്. ശില്‍പങ്ങളോ, എന്തെങ്കിലും വിലപിടിപ്പുള്ള സമ്മാനമോ ആയിരിക്കും സ്‌നേഹോപഹാരമായി നല്‍കുക. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി കാസര്‍കോട്ടെ ഒരു അധ്യാപകന്റെ വിരമിക്കല്‍ ചടങ്ങിനായി പ്രിയ ശിഷ്യര്‍ ഒരുക്കിയത് അദ്ദേഹത്തെകുറിച്ചുള്ള ഹ്രസ്വചിത്രമാണ്. തെക്കില്‍ പറമ്പ ജി.യു.പി സ്‌കൂളിലെ അധ്യാപകനായ ഗംഗാധരന്‍ മാസ്റ്റര്‍ക്കാണ് ശിഷ്യര്‍ വേറിട്ട അനുഭവമൊരുക്കിയത്.
സുദൃഡമായ ഗുരുശിഷ്യ ബന്ധമാണ് ശിഷ്യരും അധ്യാപകരും സഹപ്രവര്‍ത്തകരുമായ അനീഷ് രാജ് പായം, ശ്രീന റാണി, പ്രീതി എന്നിവരെ ഇങ്ങനെയൊരു കലാസൃഷ്ടിക്ക് വഴിയൊരുക്കിയത്. ബേപ്പ് സ്വദേശിയായ ഗംഗാധരന്‍ മാസ്റ്റര്‍ 1986 ലാണ് അധ്യാപക ജീവിതം തുടങ്ങുന്നത്. 1991 മുതല്‍
22 വര്‍ഷത്തോളം കാനത്തൂര്‍ ജി.യു.പി സ്‌കൂള്‍ അധ്യാപകനായി സേവനം ചെയ്തു. പിന്നീട് 2015 ലാണ് തെക്കില്‍ പറമ്പ പ്രൈമറി സ്‌കൂളിലേക്ക് മാറുന്നത്. കാനത്തൂര്‍ ജി.യു.പി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ മൂവരും മാഷുടെ സഹപ്രവര്‍ത്തകര്‍ കൂടിയായിരുന്നു.
സ്‌കൂള്‍ ജീവിതം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ 25 കഴിഞ്ഞെങ്കിലും ശിഷ്യര്‍ മാഷുമായി ഒരുതരത്തിലും അകന്നിരുന്നില്ല. 25വര്‍ഷമായുള്ള ആ ഗുരുശിഷ്യ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട്. അധ്യാപക ജീവിതം പൂര്‍ത്തിയാകുന്നവേളയില്‍ അദ്ദേഹത്തോടുള്ള വൈകാരീകമായ അടുപ്പം കാരണം എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അധ്യാപക ശിഷ്യര്‍ക്കുണ്ടായിരുന്നു. മൊമെന്റോ നല്‍കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് മാറ്റിവച്ച് അദ്ദേഹത്തെകുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ഒരുമണിക്കൂര്‍കൊണ്ട് മൊബൈല്‍ ക്യാമറയില്‍ അദ്ദേഹത്തിന്റെ ചലനങ്ങള്‍ ശിഷ്യരൊപ്പിയെടുത്തു. പിന്നീട് മാഷെന്ന ഹ്രസ്വ ചിത്രം പൂര്‍ത്തിയാക്കി. മാഷുടെ സഹപ്രവര്‍ത്തകനും അധ്യാപകനുമായ പത്മനാഭന്‍ ബ്ലാത്തൂരിന്റെ സഹായത്താലാണ് ചിത്രം നിര്‍മിച്ചത്. കിരണ്‍ ഇരിയണ്ണിയാണ് ക്യാമറ ചെയ്തത്. രാജേഷ് കാടകം എഡിറ്റിങ് നിര്‍വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍ വിവരണവും അനീഷ് രാജ് പായം ശബ്ദവും നല്‍കി. മെയ്മാസത്തിലാണ് മാഷുടെ റിട്ടേയര്‍മെന്റ്.
https://youtu.be/-EZ_cbgtlAs
