
പ്രമോദ് പുഴങ്കര
വിനായകന്‍ എന്ന ചെറുപ്പക്കാരന്‍ ഏങ്ങണ്ടിയൂരില്‍ പോലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തെയും പീഡനത്തെയും തുടര്‍ന്ന് ആത്മഹത്യ ചെയ്തു. അയാള്‍ക്ക് 19 വയസായിരുന്നു പ്രായം. അയാള്‍ കടുത്ത മര്‍ദ്ദനത്തിനിരയായി എന്നു പറയുന്നത് പ്രദേശത്തെ സി പി എം ഏരിയാ സെക്രട്ടറി കൂടിയാണ്. പൊലീസുകാര്‍ക്ക് പിടിച്ചുകൊണ്ടുപോയി ഞെരിക്കാനുള്ള മുലഞെട്ടുകളും വൃഷണങ്ങളും അതേ പാകത്തില്‍ നിങ്ങളുടെയും വീടുകളിലുണ്ട്. എനിക്കും നിങ്ങള്‍ക്കുമുണ്ട്. എന്നിട്ടും അതൊരു സാധാരണ സംഗതിയായാണ് കടന്നുപോകുന്നതെങ്കില്‍ ഈ ഹിംസയെ നാം അത്രമേല്‍ സ്വാഭാവികമായി ആന്തരികവത്കരിച്ചു എന്നാണര്‍ത്ഥം.
പൊലീസിന്റെ ദുരധികാര മനോവൈകൃതങ്ങളോട് ഇത്രയേറെ പൊരുത്തപ്പെട്ട ഒരു ഇടതുപക്ഷ സര്ക്കാര് ഇതിനുമുമ്പ് കേരളത്തിലുണ്ടായിട്ടില്ല.സര്‍ക്കാര്‍ മാത്രമല്ല, എന്തുതരം പൊലീസ് ഭീകരതയെയും ന്യായീകരിക്കാന്‍ തയ്യാറായ, ചെഗുവേര ഫാന്‍സ് എന്നൊക്കെപ്പറയുന്ന ഒരാള്‍ക്കൂട്ടത്തെയും അതുണ്ടാക്കിക്കഴിഞ്ഞു. വലതുപക്ഷ സര്‍ക്കാരുകളെ പറയേണ്ടതില്ല. പൊലീസ് എക്കാലത്തും അവര്‍ക്ക് ജനങ്ങളെ തല്ലിയൊതുക്കാനുള്ള ചോറ്റുപട്ടികളാണ്.

ഒരു സാധാരണ പൌരന് മേല്‍ പൊലീസുകാര്‍ക്ക് സാധാരണ ഗതിയില്‍ ഒരു അധികാരവുമില്ല. നിയമവ്യവസ്ഥയുമായി ക്രമസമാധാനത്തെ തകര്‍ക്കുന്നവിധത്തില്‍ ഒരു പൌരന്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ്, പൊലീസിന്‍റെ പ്രസക്തി പോലുമുള്ളൂ. പക്ഷേ ഏത് മനുഷ്യനെയും എടാ പോടാ എന്നൊക്കെ വിളിക്കാനും ആരെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിക്കാനും, പൊലീസ് സ്റ്റേഷനുകള്‍ പൊലീസുകാരുടെ അച്ഛനപ്പൂപ്പന്‍മാര്‍ വക സമ്പാദ്യമാണെന്നും ഉള്ള തരത്തിലാണ് മഹാഭൂരിപക്ഷം പൊലീസുകാരും പെരുമാറുക. ഏത് പാതിരാത്രിക്കും ഏത് പൌരനും കയറിച്ചെല്ലാനും ആവശ്യങ്ങള്‍ പറയാനുമായാണ് നികുതിപ്പണത്തി നിന്നും നല്ലൊരു പങ്ക് കൊടുത്തു ഈ ഭൂതഗണങ്ങളെ അവിടെ ഇരുത്തിയിരിക്കുന്നത് എന്നാണ് സങ്കല്‍പ്പം. സങ്കല്‍പ്പ വായുവിമാനത്തിലാണ് യാത്ര എന്നതാണ് യാഥാര്‍ത്ഥ്യം.
ക്രിമിനലുകള്‍ എന്നുതന്നെ വിളിക്കാവുന്ന തരത്തില്‍, കൈക്കൂലി വാങ്ങുകയും സകല സാമൂഹ്യവിരുദ്ധ ശക്തികളുമായി അനാശാസ്യ നിയമവിരുദ്ധ ബന്ധങ്ങളുണ്ടാക്കുകയും സാധാരണ മനുഷ്യന്റെ പൌരാവകാശങ്ങളെ ഏറ്റവും ജനാധിപത്യവിരുദവും മനുഷ്യത്വഹീനവുമായ രീതിയില്‍ ചവിട്ടിയരക്കുകയും ചെയ്യുന്ന ഈ വിഭാഗത്തിന്റെ മനോവീര്യം തകര്‍ക്കാതെ നോക്കണമെന്നാണ് മുഖ്യമന്ത്രിയെ വിജയന്‍ ആണയിട്ടത്.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാന്യന്‍മാരേ അധിക്ഷേപിക്കരുതെന്ന് അന്വേഷണ ഘട്ടത്തില്‍ പരസ്യമായി പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രിക്ക് ഒരു ചെറുപ്പക്കാരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പൊലീസ് മര്‍ദ്ദനത്തെക്കുറിച്ച് ഒന്നും മിണ്ടാനില്ല.
മുടി നീട്ടിയതിന്, കറുത്ത നിറത്തിന്‍റെ ആഘോഷത്തിന്, ഏമാന്‍മാരേ കണ്ടാല്‍ മുട്ടിടിക്കാത്തതിന് ഒക്കെയാണ് പൊലീസ് ക്രിമിനലുകള്‍ നമ്മുടെ വൃഷണങ്ങളെയും മുലക്കണ്ണുകളെയും ലാളിക്കുന്നതെങ്കില്‍, ചെങ്കൊടികളൊക്കെ അടുത്ത ഫാഷിസ്റ്റ് വിരുദ്ധ ജാഥയ്ക്കായി മാത്രമേ എടുക്കുകയുള്ളൂവെങ്കില്‍, ജനം പ്രതിരോധത്തിന്‍റെ പന്തങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് കത്തിക്കേണ്ടിവരും. അതുവരെ മനോവീര്യത്തിനേയും ലാളിച്ചിരിക്കട്ടെ വിജയന്‍.
