പശുക്കളെ സംരക്ഷിക്കാനുള്ള താല്‍പ്പര്യം എന്തുകൊണ്ട് സ്ത്രീ സുരക്ഷയുടെ കാര്യത്തിലില്ല?- ജയ ബച്ചന്‍.

  • Post category:news
  • Reading time:1 min read
You are currently viewing പശുക്കളെ സംരക്ഷിക്കാനുള്ള താല്‍പ്പര്യം എന്തുകൊണ്ട് സ്ത്രീ സുരക്ഷയുടെ കാര്യത്തിലില്ല?- ജയ ബച്ചന്‍.

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തെ ചൊല്ലി രാജ്യസഭയില്‍ വാഗ്വാദം. സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി എം.പി ജയാബച്ചന്‍ ആശങ്ക പ്രകടിപ്പിച്ചു. നിങ്ങള്‍ക്ക് പശുക്കളെ സംരക്ഷിക്കാനറിയാം. എന്നാല്‍ സ്ത്രീകളുടെ സംരക്ഷണത്തിനിവിടെ ആരാണ് ഉള്ളതെന്നാണ് ജയ ബച്ചന്‍ ചോദിച്ചത്. ഒരു സ്ത്രീയോട് ഇപ്രകാരം സംസാരിക്കാന്‍ ഒരാള്‍ എങ്ങനെയാണ് ധൈര്യപ്പെടുന്നത്? രാജ്യത്തെ സ്ത്രീകളെ നിങ്ങള്‍ സംരക്ഷിക്കുന്ന രീതി ഇതാണോ?. ഇവിടെ സ്ത്രീകള്‍ക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉള്ളത്. യുവ മോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷണെ നടത്തിയ വധഭീഷണി സംബന്ധിച്ച് സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷ എം.പിമാര്‍ ആവശ്യപ്പെട്ടു.

അതേ സമയം യുവമോര്‍ച്ച നേതാവിന്റെ പ്രതികരണത്തെ അപലപിക്കുന്നതായും സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പാര്‍ലമെന്റില്‍ പറഞ്ഞു. മമതയുടെ തലയെടുത്താല്‍ 11 ലക്ഷം പാരിതോഷികം നല്‍കാമെന്നാണ് യുവമോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷ്ണെ വാഗ്ദാനം ചെയ്തത്. ബംഗാളിലെ ബിര്‍ഭൂമില്‍ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടന്ന റാലിയ്ക്ക് നേരെ പോലീസ് ലാത്തി വീശിയതാണ് യോഗേഷിനെ ചൊടിപ്പിച്ചത്. ആരെങ്കിലും മമതാ ബാനര്‍ജിയുടെ തല കൊണ്ടുവന്നു തരികയാണെങ്കില്‍ അവര്‍ക്ക് താന്‍ 11 ലക്ഷം രൂപ നല്‍കാം എന്നായിരുന്നു യോഗേഷിന്റെ പ്രഖ്യാപനം. ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട റാലിക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. നേരത്തെ ബിര്‍ഭൂമില്‍ നടത്തിയ മറ്റൊരു റാലി അക്രമാസക്തമായതിനെ തുടര്‍ന്നാണത്രെ ഹനുമാന്‍ ജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്കെതിരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്.

0Shares