പള്ളിക്കരയെ ആർപ്പുവിളികളിൽ അലിയിച്ച ബീച്ച് ഗെയിംസ് 2019 സമാപിച്ചു

  • Post category:news
  • Reading time:2 mins read
You are currently viewing പള്ളിക്കരയെ ആർപ്പുവിളികളിൽ അലിയിച്ച ബീച്ച് ഗെയിംസ്  2019 സമാപിച്ചു

കാസര്‍കോട്: കാസർകോടെ കായിക പ്രേമികളുടെ സംഗമവേദിയായി മാറിയ പള്ളിക്കരയിൽ നടന്ന ബീച്ച് ഗെയിംസിസ് സമാപിച്ചു. അറബിക്കടലിന് ഓരത്തെ ആവേശത്തിൽ ആറാടിച്ച ഗെയിംസിന്‍റെ സമാപന സമ്മേളനം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. അഞ്ച് മേഖലകളിലായി നടത്തിയ പ്രാഥമിക മത്സരങ്ങളിലെ ജന പങ്കാളിത്തവും മത്സര വീര്യവും അതിനേക്കാൾ ഗംഭീരമായി പള്ളിക്കരയിലേക്ക് ഒഴുകി,

സന്ധ്യകള്‍ ജന സാഗരമാകുകയായിരുന്നു. തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് , കായിക സംസ്‌കാരവും വിനോദസഞ്ചാര മേഖലയിലെ പുതിയ സാധ്യതകളും ഉപയോഗപ്പെടുത്തി കേരളത്തിന്‍റെ കടലോര മേഖലയിലെ കായിക വികസനത്തിന് ഉണര്‍വ് നല്‍കുവാനാണ് സർക്കാർ ആസൂത്രണം ചെയ്തത്.കായിക, വിനോദ സഞ്ചാര മേഖലകളുടെ വളര്‍ച്ച മുന്‍ നിര്‍ത്തി യുവജന കായിക മന്ത്രാലയവും സംസ്ഥാന കായിക വകുപ്പും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളും സംയുക്തമായി വിവിധ ജില്ലകളില്‍ ബീച്ച് ഗെയിംസ് നടത്തിവരികയാണ്.

സായാഹ്നങ്ങളെ ആര്‍പ്പുവിളികളുടേയും, ആവേശത്തിന്‍റെയും പരകോടിയിലേക്ക് എത്തിച്ച ബീച്ച് ഗെയിംസ് കാസര്‍കോടിന് പുതിയ ചരിത്രമായി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ വി.വി രമേശൻ ബീച്ച് ഫെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പ്രളയത്തിൽ കേരളത്തിന് മത്സ്യതൊഴിലാളികൾ നൽകിയ സേവനങ്ങൾക്ക് ഒരു ആദരം എന്ന രീതിയിലാണ് സർക്കാർ ബീച്ച് ഗെയിംസ് നടത്തുന്നത്, വി.വി രമേശൻ പറഞ്ഞു. കായിക മേഖലയിൽ വലിയ കുതിപ്പിലാണ് കേരളം. അതിനുള്ള സമഗ്ര പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എം .ഗൗരി അധ്യക്ഷയായി. എ.ഡി.എം എൻ. ദേവീദാസ് മുഖ്യ അതിഥിയായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, മെമ്പർമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി.വി ബാലൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി അശോകൻ മാസ്റ്റർ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സി.അംഗങ്ങളായ അനിൽ ബങ്കളം, ടി. വി കൃഷ്ണൻ, വി.വി വിജയമോഹനൻ, ഡി.എസ്.ഒ സുദീപ് ബോസ്, ബീച്ച് ഗെയിംസ് കോ-ഓഡിനേറ്റർ പള്ളം നാരായണൻ എന്നിവർ സംസാരിച്ചു.

സ്പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന്‍ സ്വാഗതവും സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഇ. നസിമുദ്ദീൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിന് ശേഷം പയ്യന്നൂർ എസ്.എസ് ഓർക്കസ്ട്ര അവതരിപ്പിച്ച ബീച്ച് മ്യൂസിക് നൈറ്റ് നടന്നു.

0Shares