
സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ നിന്ന് കന്നാസിലും പ്ലാസ്റ്റിക് കുപ്പികളിലും പെട്രോള്‍ വാങ്ങുന്നതിന് ഇനി പോലീസ് അനുമതിപത്രം വേണം. കേരളത്തില്‍ പെട്രോള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് പോലീസിന്റെ വിശദീകരണം. കന്നാസിലും കുപ്പിയിലും പെട്രോള്‍ നല്കാന് പാടില്ലെന്ന പോലീസിന്റെ അറിയിപ്പ് എല്ലാ ഇന്ധനവിതരണ കേന്ദ്രങ്ങളിലും പതിച്ചു.

സമൂഹത്തില്‍ പെട്രോള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയാൻ വേണ്ടി നടത്തുന്ന ഈ തീരുമാനം അപ്രായോഗികമാണ് എന്നാണ് പൊതുവായ വിലയിരുത്തല്‍. ബൈക്ക് പോലുള്ള വാഹനങ്ങളിൽ നിറച്ച പെട്രോൾ എളുപ്പത്തിൽ അതിൽ നിന്ന് ഊറ്റിയെടുക്കാമെന്ന സാഹചര്യം നിലനിൽക്കെ ഈ തീരുമാനം കൊണ്ട് അക്രമത്തിന് കുറവുണ്ടാകില്ല. അതേസമയം, പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ഈ തീരുമാനത്തില്‍ വലയും.
കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന കര്‍ഷകരും യന്ത്രം നിറക്കാന്‍ ഇനി പോലീസ് സ്റ്റേഷന് കയറിയിറങ്ങണം. യാത്രമധ്യേ വാഹനങ്ങളില്‍ പെട്രോള്‍ തീര്‍ന്നാല്‍ യാത്രക്കാരും വലയും.
