നിങ്ങള്‍ അറിയാതെ പോകരുത് കാസര്‍കോട് നഗരസഭയുടെ ഈ ഉരുണ്ടുകളി, നഗരം ഇരുട്ടിലാകാന്‍ കാരണമിതാണ്

  • Post category:news
  • Reading time:2 mins read
You are currently viewing നിങ്ങള്‍ അറിയാതെ പോകരുത് കാസര്‍കോട് നഗരസഭയുടെ ഈ ഉരുണ്ടുകളി, നഗരം ഇരുട്ടിലാകാന്‍ കാരണമിതാണ്

കാസര്‍കോട്: തെരുവ് വിളക്കുകള്‍ നന്നാക്കാന്‍ കരാര്‍ നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും നഗരം ഇപ്പോഴും ഇരുട്ടില്‍ തന്നെ. അതേസമയം നഗരത്തിലെ ഹൈമാസ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികളുടെ ടെന്റര്‍ നടപടി ഇപ്പോഴും കടലാസില്‍ മാത്രം ഒതുങ്ങി. നഗരത്തിന് എന്നാണു ഇരുട്ടില്‍ നിന്ന് മോചനം ലഭിക്കുകയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. അടുക്കത്ത് ബയല്‍ മുതല്‍ അണങ്കൂറു വരെയുള്ള ദേശിയപാതയില്‍ ഡിവൈഡറുകളില്‍ 100 ഓളം തെരുവ് വിളക്കുകളാണ് പ്രകാശിക്കാതിരിക്കുന്നത്. ഇത് നന്നാക്കുന്നതിനായ് കഴിഞ്ഞ മാര്‍ച്ചില്‍ കരാര്‍ നല്‍കിയിരുന്നു. ഏഴുലക്ഷം രൂപയ്ക്കാണ് കരാര്‍ നഗരസഭ നല്‍കിയത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകരമില്ലാതെയാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ചിലയിടത്ത് പ്രവര്‍ത്തിയാരംഭിച്ചെങ്കിലും ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പണി നീണ്ടുപോവുകയാണ്. ഇതിനാല്‍ അഞ്ചുമാസമായി കാസര്‍കോട് നഗരത്തിലെ ദേശീയപാത ഇരുട്ടിലാണ്. വൈദ്യുത വകുപ്പ് അധികൃതര്‍ നല്‍കിയ മീറ്റര്‍ ബോക്‌സുകളും ഇപ്പോള്‍ കേടായികിടക്കുന്നതും പ്രവര്‍ത്തിയെ സാരമായി ബാധിക്കുന്നുണ്ട്. അതിനിടേ വാഹനപകടത്തില്‍ തകരുന്ന പോസ്റ്റുകളുടെ ഉത്തരവാദിത്വവും കരാറുകാരെ ഏല്‍പിച്ചത് അവര്‍ക്ക് ഇരട്ടിപ്പണിയായി.

നേരത്തെ മൂന്നുമാസം ചെയ്ത പ്രവര്‍ത്തിയുടെ രേഖകള്‍ യഥാസമയം കൈമാറ്റം ചെയ്യാത്തതാണ് പണി ഇഴയാന്‍ കാരണമായത്. ഈ ഇനത്തില്‍ മൂന്നുലക്ഷത്തോളം രൂപ കുടിശികയുണ്ട്. അറ്റകുറ്റപ്പണികള്‍ നടത്തി കൗണ്‍ലിര്‍മാര്‍ ഒപ്പിട്ടു നല്‍കിയാലും എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തി അംഗീകരിക്കുന്നില്ലെന്നാണ് കരാറുകാരുടെ പരാതി. കഴിഞ്ഞ മാര്‍ച്ചില്‍ ഹൈമാസ് ലൈറ്റുകളുടെ കരാര്‍ അവസാനിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ഇപ്പോഴും ടെന്റര്‍ നടപടി വൈകുകയാണ്. ടെന്റര്‍ വിളിക്കുകയാണെങ്കില്‍ നഗരത്തിലെ ആറു ഹൈമാസ് ലൈറ്റുകളും ഒരാഴ്ചക്കകം നന്നാക്കുമെന്ന് വാര്‍ഡുതലത്തിലുള്ള തെരുവ് വിളക്കു നന്നാക്കുന്ന കരാറുകാരന്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ തവണ നഗരത്തിലേയും വാര്‍ഡുതലത്തിലേയും തെരുവ് വിളക്കുകള്‍ നന്നാക്കാനുള്ള കരാറു നല്‍കിയിരിക്കുന്നത് രണ്ടു കരാറുകാര്‍ക്കാണ്. വാര്‍ഡുതലത്തില്‍ കരാറേറ്റടുത്ത ആള്‍ക്ക് പത്തുലക്ഷത്തിലധികം രൂപ കുടിശികയുണ്ടായിരുന്നു. അതില്‍ അഞ്ചര ലക്ഷം രൂപ കഴിഞ്ഞ ദിവസം നഗരസഭ നല്‍കി. ഇലക്ട്രിക്കല്‍ പ്രവര്‍ത്തിയുടെ ഫയല്‍ കാണാതായതിനെ തുടര്‍ന്നാണ് കരാറുകാരന് ലക്ഷങ്ങളുടെ കുടിശ്ശിക വന്നത്. നഗരസഭയിലെ ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള ഉത്തരവാദിത്വമില്ലായ്മകാരണമാണ് ഫയല്‍ കാണാതായതെന്നാണ് കൗണ്‍ലിര്‍മാര്‍ പറയുന്നത്. കരാറുകാരും ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും തമ്മിലുള്ള അസ്വാരസ്യം കാരണമാണ് തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികളുടെ പ്രവര്‍ത്തി ഇഴയാന്‍ മറ്റൊരുകാരണം.

 

0Shares