
നഗ്നരായി ലോകം ചുറ്റിയടിച്ചുകൊണ്ടിരിക്കുകയാണ് ബെല്‍ജിയം സ്വദേശികളായ നിക് – ലിന്‍സ് ദമ്പതികള്‍. തങ്ങളുടെ വിചിത്രമായ രീതിയും തീരുമാനങ്ങളും അവ പ്രാവൃത്തികം ആക്കുകയും ചെയ്യുന്നതിലൂടെയാണ് ഇവര്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നഗ്നത എന്നാല്‍ അശ്ലീലമല്ല എന്നും മനുഷ്യശരീരത്തോട് ലജ്ജ വേണ്ട എന്നും പ്രഖ്യാപിച്ചാണ് ഇവരുടെ പര്യടനം.

‘നഗ്നരായി അലഞ്ഞുതിരിയുക’ (Naked Wandering) എന്ന പ്രചാരണവുമായി ഗ്രീസ്, ഇറ്റലി, ബ്രസീല്‍, മാള്‍ട്ട, ക്രൊയേഷ്യ എന്നിവിടങ്ങളിലെ വിനോദകേന്ദ്രങ്ങള്‍ അവര്‍ ഇതുവരെ സന്ദര്‍ശിച്ചുകഴിഞ്ഞു.നേക്കഡ് വാണ്ടറിങ് എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്, നിക്-ലിന്‍സ് ദമ്പതിമാര്‍ തങ്ങളുടെ നഗ്നരായുള്ള ലോക പര്യടനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. കിഴക്കന്‍ യൂറോപ്പിലെ മൊണ്ടിനെഗ്രോയില്‍ ഒരു പരിസ്ഥിതി സൗഹൃദ മൈതാനത്ത് ( eco camp ground ) താമസിച്ചതിലൂടെയാണ് തങ്ങള്‍ വസ്ത്രത്തോടുള്ള ഈ ‘അലര്‍ജി’ ആരംഭിച്ചതെന്ന് അവര്‍ വെബ്സൈറ്റില്‍ കുറിച്ചിരിക്കുന്നത്. തങ്ങളെ പോലെ നഗ്നരായി സഞ്ചരിക്കാന്‍ താത്പര്യമുള്ളവരുടെ കൂട്ടായ്മ എന്ന ആശയവുമായി വെബ്സൈറ്റും ആരംഭിച്ചിരിക്കുകയാണ്.
ബെല്ജയത്തിലെ വസതിയില്‍ മടങ്ങിയെത്തിയ ശേഷവും വിവസ്ത്രരായി ജീവിക്കാനാണ് താല്പര്യപ്പെടുന്നതെന്നും നിക്-ലിന്‍സ് ദമ്പതികള്‍ പറയുന്നു. വസ്ത്രത്തില്‍ നിന്നുള്ള മോചനം മനസിനെ ശാന്തമാക്കും എന്നാണ് അവരുടെ അനുഭവം.
