ദീപയെ അനുകൂലിക്കുന്നത് ഭാവിയിലെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് നല്ലത്: കരുനീക്കങ്ങളുമായി ബി.ജെ.പി.

  • Post category:news
  • Reading time:1 min read
You are currently viewing ദീപയെ അനുകൂലിക്കുന്നത് ഭാവിയിലെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് നല്ലത്: കരുനീക്കങ്ങളുമായി ബി.ജെ.പി.

ചെന്നൈ: ജയലളിതയുടെ അനന്തിരവളായ ദീപ ജയകുമാറിനെ ഒപ്പം കൂട്ടുന്നത് രാഷ്ട്രീയ ഭാവിക്ക് നല്ലതെന്ന് പനീര്‍ശെല്‍വത്തിന് ഉപദേശവുമായി ബി.ജെ.പി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ചില കരുനീക്കവുമായി ബി.ജെ.പി നീങ്ങുന്നത്. ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായിരുന്ന അണ്ണാ ഡി.എം.കെ പിളര്‍ത്തി പനീര്‍ശെല്‍വത്തിന്റെ കൂടെ നിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

അതോടൊപ്പം അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ ഒറ്റയ്ക്ക് കാണാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നതും മാറ്റിപ്പാര്‍പ്പിച്ച എം.എല്‍.എമാരെ കണ്ടുപിടിക്കാന്‍ ഡി.ജി.പിക്ക് നല്‍കിയ നിര്‍ദേശവും ശശികലയ്ക്ക് തിരിച്ചടിയായേക്കും. മുഴുവന്‍ എം.എല്‍.എമാരുടെയും പിന്തുണയുണ്ടെന്ന് കാണിച്ച് ശശികല ഒപ്പ് വാങ്ങിയത് തങ്ങളെ ഭീഷണിപ്പെടുത്തിയാണെന്ന് പി.എസ് ഷണ്‍മുഖനാഥന്‍ എം.എല്‍.എ പോലീസില്‍ പരാതി നല്‍കിയിരുന്നു. അത് ശശികലയ്‌ക്കെതിരെ പ്രയോഗിക്കാന്‍ സാധിക്കുന്ന ഒരമ്പായാണ് ബി.ജെ.പി കരുതിയിരിക്കുന്നത്.

തമിഴ് മക്കള്‍ പനീര്‍ ശെല്‍വത്തിന് പിന്തുണ നല്‍കണമെങ്കില്‍ ജയലളിതയോട് രൂപ സാദൃശ്യമുള്ള ദീപജയകുമാര്‍ കൂടെയുള്ളത് നല്ലതാണെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ദീപ ജയകുമാര്‍ നേരത്തെ അറിയിച്ചിരുന്നു. ജയലളിത പ്രതിനിധീകരിച്ച ആര്‍.കെ നഗറില്‍ ദീപ മത്സരിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ബി.ജെ.പിയുടെ പുതിയ നീക്കം.

 

0Shares