
കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കുന്ന മാലിക്ദീനാര്‍ ഉറൂസിന് മുന്നോടിയായുള്ള മതപ്രഭാഷണ പരമ്പരക്ക് തുടക്കമായി. കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. നല്ല മനുഷ്യരുടെ കൂടെ നിന്ന് അവരുടെ മാര്‍ഗത്തില്‍ ചരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാലിക്ദിനാറിന്റെ സാമിപ്യം എല്ലാവര്ക്കും സന്തോഷവും പ്രകാശവും പ്രദാനം ചെയ്യുന്നു. ഉറൂസുകള്‍ വിളംബം ചെയ്യുന്നത് മഹാന്മാരുടെ സന്ദേശമാണ്. മഹാന്മാരെ സ്മരിച്ചുകൊണ്ടും അവരുടെ ജീവിത രീതികള്‍ മാതൃകയാക്കിക്കൊണ്ടും ജീവിക്കാന്‍ കഴിയണമെന്ന് ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. കീഴൂര്‍-മംഗളൂരു ഖാസി ത്വാഖ അഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി. മാലിക് ദിനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തി.
മുദരീസ് ഹമീദ് ഫൈസി ആദൂര്‍, സ്വാലിഹ് മുസ്ലിയാര് കാസര്‍കോട് സംയുക്ത ജമാഅത്ത് ട്രഷറര്‍ എന്‍.എ അബൂബക്കര്‍ ഹാജി, മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്സിപ്പാല് സിദ്ദിഖ് നദ്വി ചേരൂര്‍, ഉറൂസ് കമ്മിറ്റി ഭാരവാഹികളായ കെ.എം ഇബ്രാഹിം ഹാജി, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, കെ.എ.എം ബഷീര്‍ വോളിബോള്‍, കെ.എം അബ്ദുല്‍ റഹ്മാന്, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, കെ.എം സൈനുദ്ദീന്‍ ഹാജി, ആര്.പി അബ്ദുല്‍ റഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന് സ്വാഗതം പറഞ്ഞു. വെള്ളിയാഴ്ച രാത്രി ‘ഖബറിലെ രക്ഷാകവചങ്ങള്‍’ എന്ന വിഷയത്തില്‍ അല്‍ഹാഫിസ് അനീസുല്‍ ഖാസിമി തിരുവനന്തപുരം പ്രഭാഷണം നടത്തും.