
കാസർകോട് : ഒട്ടുമിക്ക മാധ്യമങ്ങളും കയ്യൊഴിഞ്ഞപ്പോൾ ചാനൽ ആർ ബി യുടെ ഇടപെടൽ ഒരു പരിധിവരെ ഗുണം ചെയ്തു. വർഷങ്ങളായി കൈവശപ്പെടുത്തിയ ഭൂമി സ്വകാര്യ വ്യക്തിയിൽ നിന്നും തിരിച്ചു പിടിച്ച് സർക്കാർ ഭൂമിയാക്കി വെച്ചു. വർഷങ്ങളുടെ പഴക്കമുള്ള തർക്കഭൂമിയാണ് സർക്കാർ ഇപ്പോള്‍ ചാനല്‍ ആര് ബി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ശക്തമായ ഇടപെടലിന്റെ കൂടി ഫലമായി തിരിച്ചു പിടിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ നിസ്സംഗത മൂലം ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കുറെ കടന്നു പോയെങ്കിലും ഇന്നും തന്റെ കൈവശമുള്ള പട്ട ഭൂമിയിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നു എന്നാണ് പരാതിക്കാരനായ ഇസ്മായിൽ ഇതിനോട് പ്രതികരിച്ചത്. തന്റെ അവകാശഭൂമിക്കായി ഇയാൾ നിലവിൽ കാസർകോട് കലക്ടറേറ്റ് പടിക്കൽ സത്യഗ്രഹം ഇരിക്കുകയായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ സത്യാഗ്രഹം തുടരുമോ എന്നത് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കളക്ടറുടെ ഉത്തരവ് പൂർണമായും നടപ്പിലാകാത്തതിനെ തുടർന്ന് ഡി.വൈ.ഫ്.ഐ രംഗത്ത് വന്നിരുന്നു.
കയ്യേറ്റക്കാരിൽ നിന്നും ഭൂമി ഒഴിപ്പിച്ച് കമ്പിവേലികെട്ടി സംരക്ഷിക്കണമെന്ന കലക്ടറുടെ ഉത്തരവ് പാലിക്കാതെ, റവന്യൂ അധികൃതര്‍ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിൽ ഗേറ്റിന് താഴിട്ട് ചെങ്കല്ല് വെക്കുകയും കയ്യേറ്റ ഭൂമിയാണെന്ന സ്റ്റിക്കർ പതിക്കുകയുമായിരുന്നു ആദ്യം ചെയ്തത്. ഇത് കൊണ്ട് കയ്യേറ്റ ഭൂമി ഒഴിപ്പിക്കപ്പെട്ടിട്ടില്ല, ഉത്തരവ് പൂര്‍ണ്ണമായി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്. ഐ നേതാക്കളായ എ.വി. ശിവപ്രസാദ്, ഖാലിദ് ബാവിക്കര, സന്തോഷ്, റിനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ സംഘടന താലൂക് ഓഫീസിലേക്ക് പ്രകടനം നടത്തിയിരുന്നു.ഒഴിപ്പിക്കാനുള്ള ഉദ്യോഗസ്ഥരോടൊപ്പം കയ്യേറ്റ ഭൂമിയില്‍ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കയ്യേറ്റം പൂർണമായും ഒഴിപ്പിക്കപ്പെട്ട ശേഷമാണ് മടങ്ങിപോയത്. സര്‍വ്വേ നമ്പര്‍ 142/ 1ല്‍ പെട്ട ഒരേക്കര്‍ സ്ഥലം എല്‍.എ 57/ 88 തെക്കില്‍ പ്രകാരം ബണ്ടിച്ചാല്‍ സ്വദേശി ഇസ്മായീലിന്റെ ഉമ്മയായ യു.ബി ആയിഷയ്ക്ക് 1988 ൽ സര്‍ക്കാര്‍ പട്ടയം നല്‍കിയതാണ്. ഈ ഭൂമിയില്‍ നിന്നും അവര്‍ തന്റെ അഞ്ച് മക്കള്‍ക്ക് ഭൂമി വീതിച്ചു നല്കി. ഇതില്‍ ഇളയ മകനായ ഇസ്മായീലിന് 26 സെന്റ് ആണ് നല്‍കിയത്. ഇയാള്‍ പന്ത്രണ്ട് വര്‍ഷക്കാലം വിദേശത്ത് ജോലിയുമായി കുടുംബ സമേതം താസിക്കുകയായിരുന്നു. തന്റെ ഭൂമിക്ക് വില്ലേജില്‍ കരം അടയ്ക്കുകയും ചെയ്തുപോന്നു. നിലവില്‍ ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സമർപ്പിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനായി വില്ലേജിൽ ഇസ്മായീൽ സമീപിച്ചിരുന്നു. അപ്പോൾ ലഭിച്ച മറുപടി 26 സെന്റ് ഭൂമിയിലെ 10 സെന്റ് സ്ഥലം നിലവില്‍ ഇസ്മായീലിന്റെ കൈവശം അല്ല എന്നായിരുന്നു. പ്രസ്തുത ഭൂമിയില്‍ അയല്‍ വാസികള്‍ ഗേറ്റ് സ്ഥാപിക്കുകയും ഇന്റര്‍ ലോക്ക് പാകുകയും ചെയ്തിരുന്നു. ഈ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ച് തന്റെ സ്കെച്ച് അനുവദിച്ച് തരണം എന്ന ആവശ്യവുമായി ഇസ്മായിൽ കയറാത്ത സർക്കാർ ഓഫീസുകളില്ല എന്ന് തന്നെ വേണം പറയാൻ.
കുറെ ഉദ്ദ്യോഗസ്ഥർ ഭൂമിയിൽ മേലുള്ള സ്കെച്ചിലെ അപാതകൾ ചൂണ്ടികാട്ടി മടക്കിയെങ്കിലും ഇസ്മായിൽ തന്റെ നിയമ പോരാട്ടം തുടർന്നു. പിന്നീട് വിവരവകാശപ്രകാരം കാര്യങ്ങൾ മനസ്സിലാക്കിയ ഇസ്മായിൽ ഭൂമി തനിക്ക് ആകാശപ്പെട്ടത് ആണെന്നും മുൻ ഉദ്യോഗസ്ഥരിൽ ആരോ ഒരാൾ തന്റെ രേഖകളിൽ തിരിമറി നടത്തിയതാണെന്നും മനസ്സിലാക്കുകയായിരുന്നു. കയ്യേറ്റക്കാർക്ക് വേണ്ടി ആരോ കാണിച്ച തിരിമറി ശരിപ്പെടുത്തി നൽകുന്നതിന് പകരം ഇപ്പോഴത്തെ വില്ലജ് ഓഫീസർ കയ്യേറ്റക്കാർക്ക് കൂട്ടുനിന്ന് തനിക്കെതിരെ പ്രവര്‍ത്തിക്കുകയായിരുന്നെന്നാണ് ഇസ്മായിൽ പറയുന്നത്. പിന്നീട് കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.

ഈ സമയമത്രയും തന്റെ ഭാഗം തെളിയിക്കാന്‍ ഇസ്മായിൽ പല ഉദ്യോഗസ്ഥരെയും കണ്ടു. വിജിലന്‍സില്‍ അടക്കം പരാതി നൽകി. പല മാധ്യമങ്ങളിലും തുടക്കത്തിൽ വാർത്തകൾ വന്നു. എന്നാൽ കാര്യമായ നടപടി യുണ്ടായില്ല. പിന്നീട് പലരും ഈ പരാതിക്കാരനെ കുറ്റപ്പെടുത്തി മാധ്യമപ്രവർത്തകർ പോലും അകലം പാലിച്ചു. ഇതിനിടെ ജില്ലാ കളക്ടറുടെ മുന്നിലുള്ള പരാതിയിന്മേല് പത്തിലധികം തവണ ഹിയറിങ് നടന്നു എന്നിട്ടും ജില്ലാ കലക്ടറില്‍ പ്രതീക്ഷയർപ്പിച്ച് പരാതിക്കാരൻ കാത്തിരുന്നു. ഈ സന്ദർഭത്തിലാണ് ചാനൽ ആർ.ബി വാർത്ത ഏറ്റടുത്ത് വിവരാവകാശ തെളിവടക്കം ഓരോന്നായി പുറത്തു വിടുന്നത്. ഇത് പിന്നീട് മറ്റു മാധ്യമങ്ങളും ഏറ്റടുത്തു ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായി മന്ത്രിയുടെ ഇടപെടൽ കാര്യങ്ങൾക്ക് വേഗം പകർന്നു. ഒടുവിൽ കളക്ടറുടെ ഉത്തരവിനായുള്ള കാത്തിരിപ്പിലായിരുന്നു ഇസ്മായിലും കുടുംബവും.
നാട്ടുകാരും മറ്റു സന്നദ്ധ സംഘടനകളും ഇസ്മായിലിന് പിന്തുണ നൽകിയത് വലിയ ആശ്വാസം പകർന്നു. ഇതിനിടെ പ്രവാസിയായ ഇസ്മയിലിന്റെ ഗൾഫിലെ ജോലി നഷ്ട്ടപെട്ടു. നാട്ടിൽ നിയമ പോരാട്ടം നടത്തുമ്പോൾ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ. മുഴുവൻ സമയം സർക്കാർ ഓഫീസുകൾ കയറിഇറങ്ങുമ്പോഴും കടം കൂടിക്കൂടി വരികയാണുണ്ടായത്. ഇപ്പോൾ വലിയ കടക്കാരനായി മാറി. അപ്പോഴും തനിക്ക് അനുകൂല വിധിയായിരിക്കും അവസാനം എന്ന പ്രതീക്ഷയിലാണ് ഇസ്മായിൽ. കളക്ടറുടെ ഉത്തരവിൽ ഭൂമി സർക്കാർ ഏറ്റടുത്തെങ്കിലും ഇസ്മായിലിന് ശുഭ പ്രതീക്ഷയാണ്. തന്റെ കൈവശം രേഖയുള്ളപ്പോൾ ഭൂമി തനിക്ക് തന്നെ തിരിച്ചു കിട്ടും എന്ന ശുഭ പ്രതീക്ഷ.
