ടോളിന്റെ ഭാരം യാത്രക്കാരുടെ തലയില്‍ അടിച്ചേല്‍പ്പിച്ചു; കാസര്‍കോട്- മംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് ഉയര്‍ത്തി.

  • Post category:news
  • Reading time:1 min read
You are currently viewing ടോളിന്റെ ഭാരം യാത്രക്കാരുടെ തലയില്‍ അടിച്ചേല്‍പ്പിച്ചു; കാസര്‍കോട്- മംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് ഉയര്‍ത്തി.

കാസര്‍കോട്: കാസര്‍കോട്-മംഗളൂരു ദേശീയ പാത റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ടോള്‍ പിരിവ് തുടങ്ങിയതിന് പിന്നാലെയാണ് കാസര്‍കോട്-മംഗളുരു റൂട്ടില്‍ മൂന്നു രൂപ കെ.എസ്.ആര്‍.ടി.സി വര്‍ധിപ്പിച്ചിരിക്കുന്നത്. തലപ്പാടി കഴിഞ്ഞ് കര്‍ണാടകയിലേക്കും സമാനമായി തിരിച്ച് കേരളത്തിലേക്കും ഉള്ള ടിക്കറ്റുകളിലാണ് മൂന്ന് രൂപയുടെ വര്‍ധനവ് ഉണ്ടായത്. ഇതോടെ കാസര്‍കോട് നിന്നും മംഗളുരുവിലേക്കുള്ള 50 രൂപ ടിക്കറ്റിന് 53 രൂപ നല്‍കേണ്ട അവസ്ഥയായി യാത്രക്കാര്‍ക്ക്.

കാസര്‍കോട് ഡിപ്പോയില്‍ നിന്നും മംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന മുപ്പതോളം ബസ്സുകളില്‍ മാത്രമാണ് ഈ നിരക്ക് വര്‍ധനവ് ഉണ്ടായിട്ടുള്ളത്.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്‍പ്പെടെ മറ്റു ഡിപ്പോകളില്‍ നിന്നും മംഗളുരുവിലേക്കുള്ള സര്‍വീസുകളില്‍ നിരക്ക് വര്‍ധനവില്ല. നിരക്ക് വര്‍ധനവ് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തലപ്പാടി ടോള്‍ ബൂത്തില്‍ ഒരു തവണ പോയി വരാനായി ബസ്സൊന്നിന് 165 രൂപയാണ് നല്‍കേണ്ടത്. മുപ്പതു സര്‍വീസുകള്‍ നടത്തുന്ന കാസര്‍കോട് ഡിപ്പോക്ക് ഇത് വലിയ സാമ്പത്തിക പ്രയാസമാണ് ഉണ്ടാക്കുക. ഇതുമറികടക്കാനാണ് അധികഭാരം യാത്രക്കാരുടെ മേല്‍ കെട്ടിവെക്കുന്നത്.

0Shares