
വാളയാര്‍: ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വാണിജ്യ നികുതി ചെക് പോസ്റ്റുകളും ഡിസംബര്‍ ഒന്നിനു അടച്ചുപൂട്ടാന്‍ തീരുമാനം.നിലവിലുള്ള ടോക്കണ്‍ ഗേറ്റുകളും അടുത്ത മാസത്തോടെ ഇല്ലാതാകും. ചെക് പോസ്റ്റുകളില്‍ അവശേഷിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരേയും ഇതിനോടകം തന്നെ മാറ്റിത്തുടങ്ങിയിട്ടുണ്ട്. അസി. കമ്മീഷണര്‍, സ്റ്റേറ്റ് ടാക്സ് ഓഫിസര്‍ എന്നീ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ അടുത്ത ദിവസം അറിയിക്കുമെന്നണു വിവരം.

സംസ്ഥാനത്തെ ഏറ്റവും വലിയ ചെക് പോസ്റ്റുകളിലൊന്നായ വാളയാര്‍ ഉള്‍പ്പെടുന്ന പാലക്കാട്ട് 109 അസി. കൊമേഴ്സ്യല്‍ ഓഫിസര്‍മാരുടെയും 94 ഓഫിസ് അറ്റന്‍ഡര്‍മാരുടെയും സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയിരുന്നു.സ്ത്രീകള്‍ ഒഴികെയുള്ളവരെ മറ്റു ജില്ലകളിലേക്കാണു മാറ്റിയിട്ടുള്ളത്. അസി. കൊമേഴ്സ്യല്‍ ഓഫിസര്‍മാരില്‍ ചിലരെ ഇന്റലിജന്‍സ് സ്ക്വാഡിലേക്കു വിന്യസിച്ചിട്ടുണ്ട്.നേരത്തെ, ജി.എസ്ടി നടപ്പാക്കിയ ആദ്യ മാസത്തില്‍ ഉദ്യോഗസ്ഥരുടെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യുകയും സ്റ്റാഫ് പാറ്റേണില്‍ അഴിച്ചു പണി നടത്തുകയും ചെയ്തിരുന്നു.ജി.എസ്ടി വന്നതിനു ശേഷം ചരക്കു വാഹനങ്ങളിലെ ജി.എസ്ടി ഡിക്ലറേഷന്‍ പരിശോധിച്ച് ഉറപ്പു വരുത്തുക മാത്രമാണു നിലവിലുള്ളവരുടെ ജോലി.
