
ജമ്മു–കാശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി ഇല്ലാതാക്കിയതും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും നിയന്ത്രണങ്ങളും ചോദ്യം ചെയ്തും നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരിക്കും ഹർജികൾ ഇനി പരിഗണിക്കുക. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ടത്.
അതേസമയം, ആരൊക്കെയാണ് ഭരണഘടനാ ബെഞ്ചിൽ ഉണ്ടാവുകയെന്നത് കോടതി വ്യക്തമാക്കിയിട്ടില്ല.

വിഷയത്തിൽ കേന്ദ്ര സർക്കാരിനും കാശ്മീര്‍ സർക്കാരിനും നോട്ടീസ് അയക്കാനും സുപ്രീംകോടതി തീരുമാനിച്ചു. പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്യുന്നതിന് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനാഞ്ജയും നിയന്ത്രണങ്ങളും 22ാം ദിവസത്തേക്ക് കടന്നപ്പോഴാണ് ഹര്‍ജികള്‍ പരമോന്നത കോടതിയുടെ പരിഗണനയിലെത്തിയത്.
നേരത്തെ, ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ അടിയന്തര ഇടപെടലിന് കോടതി വിസമ്മതിച്ചിരുന്നു. നിരോധനാഞ്ജയും നിയന്ത്രണങ്ങളും ചോദ്യം ചെയ്തും മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് ആരോപിച്ചും കാശ്മീർ ടൈംസ് എഡിറ്റര്‍ അനിരുദ്ധ ഭാസിന് നല്കിയ ഹർജിയും സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ യൂസഫ് തരിഗാമിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്കിയ ഹേബിയസ് കോര്‍പ്പസുമാണ് കോടതി പരിഗണിച്ചത്. ഇതിനു പുറമേ, പ്രത്യേക പദവി നീക്കം ചെയ്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട എട്ട് ഹര്‍ജികളും കോടതിയുടെ പരിഗണനയ്ക്കെത്തിയിരുന്നു.
