
കാസർകോട് : സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക – മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പി.ഡി.പി പുറത്തുവിട്ട ഫോണ്‍ കോളുകൾക്ക് പിന്നാലെ കൂടുതൽപേരും സംഭവം കൊലപാതകം തന്നെയായിരുന്നു എന്നാണ് പറയുന്നത്. അത്കൊണ്ട് തന്നെ കുറെ നാളുകൾക്ക് ശേഷം ഇപ്പോൾ ഖാസി വിഷയം വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. ഖാസി വിഷയത്തിൽ ഈ അടുത്തകാലത്താണ് പി.ഡി.പി സമരവുമായി രംഗത്തുവന്നതെങ്കിലും സംഭവത്തിലെ ദുരൂഹത അകറ്റാനായി നിരന്തരം ശ്രമം നടത്തുകയും ഇപ്പോൾ തെളിവുകൾ കണ്ടെത്തി പുറത്ത് വിടുകയും ചെയ്തു എന്ന് വേണം പറയാൻ. ഖാസിയുടെ മരണം കൊലപാതകമായിരുന്നു എന്നും ഇതിന് ഇടനിലക്കാരനായി എന്റെ ഭാര്യ പിതാവ് ഉണ്ടായിരുന്നതെയും ഒരു ഓട്ടോ ഡ്രൈവർ വിവരിക്കുന്ന ഫോൺ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതോടെ ആ ഓട്ടോ ഡ്രൈവർ ആര് എന്ന ചോദ്യമാണ് ഉയർന്നത്. ആ വ്യക്തി കാസർകോട്ടെ ആദൂര്‍ പരപ്പ സ്വദേശിയാണെന്ന വിവരം അതിനിടെ പ്രചരിച്ചു. പി.ഡി.പി പേര് പുറത്തുപറയാത്ത സാഹചര്യത്തിൽ അഭ്യൂഹങ്ങൾ പലതും പരന്നു. അതിനുശേഷമാണ് വിശദീകരണവുമായി പി.ഡി.പി നേതാക്കള്‍ കാസർകോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

പി.ഡി.പി കാസര്‍കോട് മണ്ഡലം പ്രസിഡന്റും ആദൂര്‍ സ്വദേശിയുമായ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളും നീലേശ്വരത്ത് ഓട്ടോ ഡ്രൈവർ ആയിരുന്ന അഷ്റഫ് എന്ന ആളും തമ്മിൽ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വിട്ടതെന്നും പി.ഡി.പി നേതാക്കള്‍ വ്യക്തമാക്കി. വെളിപ്പെടുത്തല്‍ നടത്തിയ അഷ്റഫ് തന്റെ സുഹൃത്താണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ഉമറുല്‍ ഫാറൂഖ് തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. എന്നാല്‍ അഷ്റഫ് പി.ഡി.പിക്കാരനല്ല. അഷ്റഫിനെ കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല ഒന്നെങ്കിൽ ആരുടെയോ കൈകളിലാണ് അയാൾ, ഇല്ലങ്കിൽ സി ബി ഐ യുടെ കസ്റ്റഡിയിലും എന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് അഷ്റഫ് ഉമറുല്‍ ഫാറൂഖ് തങ്ങളോട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഖാസി കേസുമായി ബന്ധമുള്ള ഏതാനും പേരില്‍ രണ്ടു പേര് അപകടങ്ങളില്‍ മരിച്ചതായാണ് അഷ്റഫ് പറഞ്ഞത് എന്നും ഫാറൂഖ് തങ്ങൾ പറഞ്ഞു. ഖാസിയുടെ മരണശേഷം നടന്ന രണ്ടുപേരുടെ മരണത്തിലും ദുരൂഹതയുണ്ട്. ഈ അപകടം എങ്ങനെ ഉണ്ടായി എന്നത് അന്വഷിക്കേണ്ടതാണ്.
ഇപ്പോഴുണ്ടായിട്ടുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പോലീസിനെ സമീപിച്ചപ്പോള്‍ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ലെന്നും പി.ഡി.പി ഇപ്പോള്‍ പുറത്തുവിട്ട കോള്‍ റെക്കോര്‍ഡ് കൂടാതെ മറ്റു ചില തെളിവുകളും കൈവശമുണ്ടെന്നും നേതാക്കൾ പറഞ്ഞു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അവ സി ബി ഐ കോടതിക്ക് കൈമാറാനാണ് തീരുമാനം. ഖാസി കേസ് എന്‍ ഐ എ അന്വേഷിക്കണമെന്നും പി.ഡി.പി നേതാക്കൾ വാര്‍ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കിയിട്ടു ണ്ടെന്നും പി.ഡി.പി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തല്‍, എസ് എം ബഷീര്‍ കുഞ്ചത്തൂര്‍, സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്, സയ്യിദ് ഫാറൂഖ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
