
മുംബൈയിൽ നിന്ന് യു.പി പോലീസ് അറസ്റ്റ് ചെയ്ത ഡോ. കഫീൽ ഖാന് ജാമ്യം ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാനായില്ല. ഫെബ്രുവരി 10ാം തീയതിയാണ് ജാമ്യം അനുവദിച്ചത്. ഡോ. കഫീൽ ഖാൻ പുറത്തിറങ്ങുന്നത് പോലീസ് ബോധപൂർവം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പ്രതികരിക്കാൻ യു.പി പോലീസ് വിസമ്മതിച്ചു.

കഫീൽ ഖാനെ പുറത്തുവിട്ടില്ലെന്ന കാര്യം ഭാര്യ സബിസ്ത ഖാൻ ട്വീറ്റിലൂടെ അറിയിച്ചു. യോഗിക്കും യു.പി പോലീസിനും നിയമവ്യവസ്ഥയോട് എന്തെങ്കിലും ആദരവുണ്ടോയെന്ന് സംവിധായകൻ അനുരാഗ് കശ്യപ് ട്വിറ്ററിൽ ചോദിച്ചു. യു.പി പോലീസ് കോടതിക്കും മുകളിലാണോയെന്ന് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ ട്വീറ്റിൽ ചോദിച്ചു. അലീഗഢ് സി.ജെ.എം കോടതിയാണ് കഫീൽ ഖാന് ഫെബ്രുവരി 10ാം തീയതി ജാമ്യം അനുവദിച്ചത്.
ജനുവരി 29 ബുധനാഴ്ചയാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചതിന്റെ പേരിലാണ് കേസ്. മുംബൈയിൽ സി.എ.എ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് വരാനിരിക്കെയായിരുന്നു അറസ്റ്റ്.
