
സംസ്ഥാന വ്യാപകമായി കുടുംബശ്രീ ഇറച്ചി, മുട്ട, പാലുല്പന്ന വിൽപന ആരംഭിക്കുന്നു. മുഴുവൻ ജില്ലകളിലും കുടുംബശ്രീ ഷോപ്പി ആരംഭിച്ചാണ് പുതിയ ചുവടുവയ്പ്. ആവശ്യക്കാർക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെ വീടുകളിൽ ഇറച്ചി ഉൾപ്പെടെ എത്തിക്കും.

സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം. നാലുമുതൽ അഞ്ചു വരെ കുടുംബശ്രീ അംഗങ്ങളുള്ള ഗ്രൂപ്പിന്റെ മേൽനോട്ടത്തിലാകും കുടുംബശ്രീ ഷോപ്പികളുടെ പ്രവർത്തനം. സംരംഭം ആരംഭിക്കാൻ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് അഞ്ചു ലക്ഷം രൂപവരെ നൽകും. കുടുംബശ്രീയുടെ തന്നെ ആടുവളർത്തൽ, പോത്തുകുട്ടി വളർത്തൽ പദ്ധതികളിലൂടെയാണ് കുടുംബശ്രീ ഷോപ്പികൾക്കായുള്ള ഇറച്ചി ലഭ്യമാക്കുക. ഇതിനായി ആധുനിക രീതിയിലുള്ള രണ്ട് അറവുശാലയും സ്ഥാപിക്കും. അറവുശാലകൾ കണ്ണൂരിൽ ആടുകൾക്കും പോത്തിറച്ചിക്കായുള്ളത് തൃശൂർ അല്ലെങ്കിൽ പാലക്കാട്ടുമാകും സ്ഥാപിക്കുക.
മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച കുടുംബശ്രീ ചിക്കൻ പദ്ധതി വഴി ഇറച്ചിക്കോഴിയും ലഭ്യമാക്കും. പനീർ, തൈര് തുടങ്ങിയവയുടെ വിൽപനയുമുണ്ടാകും. ഇതിനായി ഇടുക്കിയിൽ ഇമശ്രീ മിൽക്ക് പ്രൊഡ്യൂസർ കമ്പനിയുടെ കീഴിൽ പുതിയ പാൽ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. ആവശ്യക്കാർക്ക് ഇവയെല്ലാം വീട്ടിൽ എത്തിച്ചുനൽകാനുള്ള സംവിധാനവുമുണ്ടാകും. ഇതിനായി ഓൺലൈൻ ബുക്കിങ് സൗകര്യം തയ്യാറാക്കും. എയർ കണ്ടീഷനോടെയാകും കുടുംബശ്രീ ഷോപ്പികൾ. കുടുംബശ്രീ ബ്രാൻഡിലാകും ഉൽപന്നങ്ങൾ വിൽക്കുക. മൂന്നുമാസത്തിനുള്ളിൽ ഷോപ്പി പ്രവർത്തനം ആരംഭിക്കും.
