കീഴാറ്റൂരിലേത് മണ്ണിനെയും മനുഷ്യനെയും തകര്‍ത്തുള്ള വികസനമെന്ന് സതീശന്‍ പാച്ചേനി

  • Post category:news
  • Reading time:1 min read
You are currently viewing കീഴാറ്റൂരിലേത് മണ്ണിനെയും മനുഷ്യനെയും തകര്‍ത്തുള്ള വികസനമെന്ന് സതീശന്‍ പാച്ചേനി

തളിപ്പറമ്പ്: കീഴാറ്റൂരിലേത് മണ്ണിനെയും മനുഷ്യനെയും തകര്‍ത്തുള്ള വികസനമെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. കീഴാറ്റൂരിലെ നെല്‍വയലുകളും തോടുകളും ഇല്ലാതാക്കിക്കൊണ്ട് ദേശീയപാത ബൈപ്പാസ് വയലുകള്‍ക്ക് നടുവിലൂടെ കൊണ്ടു പോകുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരം അടിച്ചമര്‍ത്തിയ ഭരണകൂട ഭീകരതയും, സി.പി.എം ഭീകരതയും ഇന്ന് ജനാധിപത്യ സമൂഹത്തിന് ഭീഷണിയായി കൊണ്ടിരിക്കുകയാണ്.
ആധുനിക പുരോഗമന കാലഘട്ടത്തില്‍ ഒട്ടേറെ വികസന സാധ്യതകളും മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്. നാളത്തെ തലമുറയെയും കണ്ടു കൊണ്ടുള്ള വികസന സമീപനമാണ് ആവശ്യം പരിസ്ഥിതിക്ക് ഇണങ്ങുന്ന ജലാശയങ്ങളും നീരുറവകളും, തണ്ണീര്‍തടങ്ങളും, നെല്‍വയലുകളും സംരക്ഷിച്ച് കൊണ്ട് മാത്രമുള്ള സുസ്ഥിര വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനാണ് ഭരണകൂടം തയ്യാറാവേണ്ടത്. അനുനയത്തില്‍ പ്രശ്‌നം കൈകാര്യം ചെയ്യേണ്ട ഭരണകക്ഷിയും സര്‍ക്കാറും ജനിച്ച് വളര്‍ന്ന മണ്ണില്‍ ജീവിക്കുന്ന സമരത്തിന് നേതൃത്വം കൊടുക്കുന്ന കര്‍ഷകരെയും നാട്ടുകാരെയും വികസനത്തിൻ്റെ പേര് പറഞ്ഞ് വേട്ടയാടുകയാണ്. പാര്‍ട്ടി ഗ്രാമത്തില്‍ നേതൃത്വത്തിൻ്റെ വികസന കാഴ്ചപ്പാടിന് വിരുദ്ധമായി നിലപാട് സ്വീകരിച്ചതിൻ്റെ പേരില്‍ ജനങ്ങളെ പല വിധത്തില്‍ ദ്രോഹിക്കുകയും പൊതുയോഗം വിളിച്ച് ഭീഷണിപ്പെടുത്തുകയും തീവ്രവാദികളെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നന്ദിഗ്രാമിലും സിംഗൂരിലും കര്‍ഷക താല്പര്യങ്ങളും ജനങ്ങളുടെ താല്പര്യങ്ങളും മുഖവിലക്കെടുക്കാതെ കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ താല്പര്യത്തിന് നിന്ന് കൊടുത്ത സി .പി എം പാര്‍ട്ടി കേരളത്തിലും ജനാഭിലാഷം പരിഗണിക്കാതെ ഏകാധിപത്യ ഫാസിസ്റ്റ് നിലപാട് വികസനത്തിന്റെ പേര് പറഞ്ഞ് സ്വീകരിക്കുകയാണ്. വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരം നടത്തുന്ന പ്രദേശവാസികളായ ജനതയെ എല്ലാ രൂപത്തിലും പ്രകോപിപ്പിക്കുന്ന സമീപനമാണ് സി.പി.എമ്മിൻ്റെയും സംസ്ഥാന സര്‍ക്കാറിൻ്റെയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. അനുനയത്തില്‍ പരിഹരിക്കാമായിരുന്ന ഒരു വിഷയം ധാര്‍ഷ്ട്യത്തിൻ്റെയും ധിക്കാരത്തിൻ്റെയും രീതിയില്‍ കൈകാര്യം ചെയ്ത സി.പി.എം നിലപാട് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും പൊതു സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു.

0Shares