
കാസർകോട് :കാസർകോട് മണ്ഡലത്തിലെ റെയിൽവേ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി. മൂന്ന് എ ക്ലാസ് റെയിൽവേ സ്റ്റേഷനുകളും 10 ആദർശ് സ്റ്റേഷനുകളും ഉൾപ്പെടെ 16 റെയിൽവേ സ്റ്റേഷനുകൾ ഉള്ള മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ നിലവിലെ സ്ഥിതി പരിതാപകരമെന്ന് എം.പി സൂചിപ്പിച്ചു.
എം.പി നൽകിയ നിവേദനത്തിലെ പ്രസക്ത ഭാഗങ്ങൾ
1.കാഞ്ഞങ്ങാട് – പാണത്തൂർ – കാണിയൂർ റെയിൽ പദ്ധതി കർണാടക ഗവണ്മെന്റിന്റെ അനുമതിക്ക് വേണ്ടി കാത്ത് നിൽക്കുകയാണ്. ആയതിനാൽ പദ്ധതി നടപ്പിൽ വരുത്താൻ കേന്ദ്ര ഗവണ്മെന്റ് കർണ്ണാടക സർക്കാരിന് മേൽ സമ്മര്ദ്ദവും ചെലുത്തണം.
2.കുമ്പള റെയിൽവേ സ്റ്റേഷനിൽ ഏകദേശം 35 ഏക്കർ സ്ഥലം ഉപയോഗശൂന്യമായി നിലനിൽക്കുന്നുണ്ട്. പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി ഒരു ടെർമിനൽ സ്റ്റേഷൻ നിർമിക്കുകയും അതുവഴി കണ്ണൂരിൽ അവസാനിക്കുന്ന എല്ലാ എക്സ്പ്രസ്സ് ട്രെയിനുകളും കുമ്പള വരെ ആക്കാനും ശ്രമിക്കണം. അത്പോലെ മാവേലി എക്സ്പ്രസ്സ്, പരശുറാം എക്സ്പ്രസ്സ്, കണ്ണൂർ-ബാംഗ്ലൂർ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം. കൂടാതെ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര നിർമിക്കാനുള്ള നടപടികളും സ്വീകരിക്കണം.
3.മൂകാംബിക-ഷൊർണൂർ ട്രെയിൻ പുനസ്ഥാപിച്ച് പളനി, മധുര എന്നീ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രാമേശ്വരം വരെ നീട്ടുക.
4. പയ്യന്നൂര് എ ക്ലാസ്സ് റെയിൽവേ സ്റ്റേഷൻ ആണ്, എന്നാൽ ഒരു എ ക്ലാസ്സ് റെയിൽവേ സ്റ്റേഷന് ലഭിക്കേണ്ട യാതൊരുവിധ പരിഗണനയും പയ്യന്നൂർ റെയിൽവേ സ്റ്റേഷന് ലഭിച്ചിട്ടില്ല. അതിനു വേണ്ട നടപടികൾ കൈക്കൊള്ളേണ്ടതാണ് .
5.കോട്ടിക്കുളം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്ഫോമിനകത്ത്കൂടിയാണ് നിലവിൽ റോഡും റെയിൽവേ ക്രോസ്സിംഗും ഉള്ളത്. ഇത് അത്യന്തരം അപകടകരമായത്കൊണ്ട് തന്നെ സമാന്തര പാത അല്ലെങ്കിൽ ഫ്ളൈ ഓവർ നിർമിച്ച് നൽകുക.

6.തിരുവനന്തപുരം – കണ്ണൂർ ജനശതാബ്തി എക്സ്പ്രസ്സ് കുമ്പള വരെ നീട്ടുക.
7.ന്യൂ ദൽഹി-തിരുവനന്തപുരം രാജധാനി എക്സ്പ്രസിന് കാസർകോട് താത്ക്കാലിക സ്റ്റോപ്പാണ് അനുവദിച്ചിട്ടുള്ളത് . ജില്ലാ ആസ്ഥാനമായ കാസർകോട് രാജധാനിക്ക് സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കുക.
8.ശക്തമായ തിരക്ക് അനുഭവപ്പെടുന്ന ട്രെയിനുകളാണ് കണ്ണൂർ-യശ്വന്ത്പൂർ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്നത്. ഇത് വഴി നിലവിൽ ദിവസേന നാല് ട്രെയിനുകൾ ഉണ്ടെങ്കിലും ആവശ്യകത കണക്കിലെടുത്ത് ഒരു ദിവസേന ട്രെയിന് കൂടി അനുവദിക്കുക.
9.ബേക്കൽ ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണ്. പ്രസ്തുത സ്ഥലത്താണ് 17 ആം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടിട്ടുള്ള ബേക്കൽ കോട്ടയും അത് പോലെ ടൂറിസ്റ്റു കേന്ദ്രമായ ബേക്കൽ ബീച്ചും നിലകൊള്ളുന്നത്. ബേക്കലിന്റെ അനന്തമായ ടൂറിസം സാധ്യതകൾ കണക്കിലെടുത്ത്കൊണ്ട് ബേക്കൽ റയിൽവേ സ്റ്റേഷൻ നവീകരിക്കുക
10.കണ്ണൂരിനെയും മംഗലാപുരത്തെയും ബന്ധിപ്പിക്കുന്ന പകൽ ട്രെയിനുകൾ പരിമിതമാണ്. പകൽ 9 മണി മുതൽ 4 മണിവരെ കണ്ണൂരിലേക്കുള്ള ട്രെയിനുകളുടെ സമയ ക്രമത്തിൽ നല്ല അന്തരമുണ്ട്. അത് കൊണ്ട് ഈ സമയങ്ങളിൽ കണ്ണൂർ മംഗലാപുരം റൂട്ടുകളിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുക.
11.കാസർകോട് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സ്റ്റേഷൻ കൗണ്ടറുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുക.
12.മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് നിർദ്ദേശക്കപ്പെട്ടിട്ടുള്ള പാസ്സഞ്ചർ ട്രെയിനുകൾ എത്രയും പെട്ടെന്ന് അനുവദിക്കുക. കണ്ണൂർ-മംഗലാപുരം ഹ്വസ്രദൂര സർവ്വീസുകൾ ആരംഭിക്കുക
13.വർഷങ്ങൾക്ക് മുമ്പ് റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിർത്തലാക്കപ്പെട്ട കണ്ണൂർ-മാംഗ്ലൂർ പാസഞ്ചർ പുനഃസ്ഥാപിക്കുക
14.ചെറുവത്തൂർ നിവാസികളുടെ വർഷങ്ങളായിട്ടുള്ള ആവശ്യമാണ് പരശുറാം എക്സ്പ്രസ്സിനും, ഇന്റർസിറ്റി എക്സ്പ്രസ്സിനും ചെറുവത്തൂർ റയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുക എന്നുള്ളത്. ഒരു ബുക്കിംഗ് ക്ലർക്കിനെ നിയമിക്കുകയും അത് വഴി വരുമാനം വർധിപ്പിക്കുന്നതാകുന്ന നടപടികൾ കൈക്കൊള്ളുക. കൂടാതെ ചെറുവത്തൂർ സ്റ്റേഷനെ ബി ക്ലാസ്സ് സ്റ്റേഷനായി ഉയർത്തുക. സ്റ്റേഷൻ പരിധിയിലുള്ള കുളം പമ്പിങ്ങിനു ഉപയോഗിക്കുക. ഇതുവഴി സതേൺ റെയിൽവേയ്ക്ക് മാസം 6 ലക്ഷം രൂപയുടെ വരുമാനം ഉണ്ടാക്കാൻ സാധിക്കും.
15.തൃക്കരിപ്പൂർ റയിൽവേ സ്റ്റേഷന്റെ ഭൗതിക നിലവാരം ഉയർത്താൻ വേണ്ടി ടോയ്ലെറ്റ്, റൂഫിംഗ്, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കികൊടുക്ക. കൂടാതെ പരശുറാം എക്സ്പ്രസ്സിനും, മാവേലി എക്സ്പ്രസ്സിനും എഗ്മോർ എക്സ്പ്രെസ്സിനും സ്റ്റോപ്പ് അനുവദിച്ചു കൊടുക്കുക.
